മാപ്പില്ലാത്ത ക്രൂരത; ആദിവാസി യുവാവിനെ ലോറിയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കൊന്നു
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിനെ ആൾക്കൂട്ടം ലോറിക്ക് പിന്നിൽ കെട്ടിവലിച്ചു കൊന്നു. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്. മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൈയും കാലും കെട്ടി ആള്‍ക്കൂട്ടം മര്‍ദിക്കുകയും ട്രക്കിന് പിന്നിൽ കെട്ടിവലിക്കുകയുമായിരുന്നു. ട്രക്കിൽ കെട്ടിവലിച്ചതിനെ തുടർന്നുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു.
ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം ആദിവാസി യുവാവായ കനയ്യ ലാൽ ഭിൽ തന്‍റെ സുഹൃത്തുമായി കലൻ ഗ്രാമത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കനയ്യ ലാലിന്‍റെ ബൈക്ക് ഗുജ്ജാർ വിഭാഗത്തിലെ ഒരാളെ ഇടിച്ചു. ഇതിൽ പ്രകോപിതരായ ഗുജ്ജാർ വിഭാഗക്കാർ വടികളും മറ്റും ഉപയോഗിച്ച് ആദിവാസി യുവാക്കളെ ആക്രമിച്ചു. ഇതിൽ തൃപ്തരാകാത്ത അക്രമിസംഘം ലോറിക്ക് പിന്നിൽ കെട്ടിയിട്ട് ദീർഘദൂരം വലിച്ചിഴക്കുകയായിരുന്നു.
ആദിവാസി യുവാക്കളെ ക്രൂരമായി മർദ്ദിച്ച പ്രതികൾ, പരിക്കേറ്റ ഒരു കള്ളനെ പിടികൂടിയെന്നാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ നീമച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും കനയ്യ ലാൽ മരിച്ചു. യുവാവ് മരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തിൽ എട്ടു പേരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. ഇതിൽ രണ്ടു പ്രതികളായ ചിത്രമാൽ ഗുജ്ജാർ, മഹേന്ദ്ര ഗുജ്ജാർ എന്നിവരെ അറസ്റ്റ് ചെയ്തു. ലോറി ഒാടിച്ചിരുന്നവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.