ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsമാനന്തവാടി: വിനോദസഞ്ചാരികൾ തമ്മിലെ തർക്കത്തിനിടെ പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടി.പി. നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ. വിഷ്ണു (23) എന്നിവരെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇവർക്കായി കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ കണിയാമ്പറ്റ പടിക്കംവയൽ പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെ കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ സുനിൽ ഗോപി അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. മാനന്തവാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീടാണ് സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൂടൽകടവിൽ വിനോദസഞ്ചാരികൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ആദിവാസി യുവാവായ മാതനെ കാറിൽ കൈകുരുക്കി ടാർ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചത്. ചുവന്ന മാരുതി സെലോരിയോ കാറിലും മറ്റൊരു വെള്ള കാറിലുമായി കൂടൽക്കടവ് ചെക്ക് ഡാം സന്ദർശിക്കാനെത്തിയതായിരുന്നു യാത്രക്കാർ. ഇവർ തമ്മിലാണ് വാക്കുതർക്കമുണ്ടായത്.
എറിയാൻ ശ്രമിച്ചയാളിൽ നിന്ന് കല്ല് പിടിച്ചുവാങ്ങാൻ ശ്രമിച്ച മാതന്റെ വലതുകൈ കാറിന്റെ വാതിലിനിടയിൽപ്പെട്ടു. ഈ കാർ മുന്നോട്ടെടുത്തു. കാറിലുള്ളയാൾ മാതന്റെ കൈ കൂട്ടിപ്പിടിക്കുകയും ചെയ്തു. ഇതോടെ മാതനെ വലിച്ചിഴച്ച് കാർ മുന്നോട്ടുനീങ്ങി.
നാട്ടുകാർ ഒച്ചവെച്ചിട്ടും ശ്രദ്ധിക്കാതെ അരകിലോമീറ്റർ പോയ കാർ മാതനെ ദാസനക്കര ജങ്ഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.അരക്ക് താഴെയും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ പിന്നാലെ എത്തിയ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
വലിച്ചിഴച്ച കാറിന് പുറകിൽ വന്ന കാറിലുണ്ടായിരുന്നവരാണ് വിഡിയോ പകർത്തിയത്. ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.