തൃത്താലയിലെ ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേകസംഘം
text_fieldsഒറ്റപ്പാലം: തൃത്താലയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ കൊല്ലപ്പെട്ട യുവാക്കളുടെ സുഹൃത്ത് മുസ്തഫയെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊലപാതക കാരണം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊണ്ടൂർക്കര പറമ്പിൽ അൻസാർ (25), ഓങ്ങല്ലൂർ കാരക്കാട് തേനോത്ത് പറമ്പിൽ അഹമ്മദ് കബീർ (27) എന്നിവരാണ് കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ചത്. തുടർന്ന് സുഹൃത്ത് മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ തൃത്താല കണ്ണനൂർ കരിമ്പനക്കടവിൽ മൂവരും ചേർന്ന് ഭാരതപ്പുഴയോരത്ത് മീൻ പിടിക്കാനെത്തിയിരുന്നു.
കാറിലെത്തിയ ഇവർ പരിസരത്തെ ഹോട്ടലിൽനിന്ന് ചായ കുടിക്കുന്നത് കണ്ടവരുണ്ട്. രാത്രി വാക് തർക്കമുണ്ടായതിനെ തുടർന്ന് ആദ്യം അൻസാറിനെ വെട്ടുകയും പിന്നീട് അഹമ്മദ് കബീറിനെ വെട്ടി പുഴയിൽ താഴ്ത്തുകയുമായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ രക്ഷപ്പെട്ട അൻസാറിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്തഫയാണ് വെട്ടിയതെന്ന് ഇയാൾ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു. പിന്നീട് അൻസാർ മരിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ പിറ്റേന്ന് അഹമ്മദ് കബീറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിനെത്തുടർന്നാണ് മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയത്.
മുസ്തഫയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദ് കബീറിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയത് താനാണെന്ന് മുസ്തഫ കുറ്റസമ്മതം നടത്തിയതായി എസ്.പി പറഞ്ഞു. രണ്ട് കൊലപാതകത്തിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ മീൻവലയും രക്തക്കറയും കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച് ഫോറൻസിക് പരിശോധന നടക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച കൃത്യമായ വിവരം പൊലീസ് മേധാവി നൽകിയില്ല. അന്വേഷിച്ചുവരുകയാണെന്നും പ്രതിയെ കസ്റ്റഡിയിൽ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ ഇവർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. കേസിന്റെ തുടരന്വേഷണത്തിന് ഷൊർണൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ പട്ടാമ്പി, ചാലിശ്ശേരി, ചിറ്റൂർ, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർമാർ അടങ്ങിയ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.