സംഭാവന പിരിക്കാനെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsപയ്യന്നൂർ: അനാഥാലയത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ശേഖരിക്കാനെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട രണ്ടു പേർ പൊലീസ് പിടിയിലായി. തൃക്കരിപ്പൂർ പേക്കടം സ്വദേശി ജയരാജ് (31), തിരുവനന്തപുരം ആലുംമൂട് സ്വദേശി പി. നാഗേഷ് (32) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ സനീദിന്റെ നേതൃതത്തിൽ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്നാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂർ തെക്കേ ബസാറിൽ അമ്പലം റോഡിലെ എൽ. തങ്കമ്മയുടെ മാല പൊട്ടിച്ചത്.
ഒരു ചാരിറ്റി സ്ഥാപനത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് ഇവർ വീട്ടിലെത്തിയത്. മുമ്പും ഇവർ പിരിവിന് വരാറുണ്ടെന്നതിനാൽ തങ്കമ്മക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. പണമെടുക്കാൻ അകത്തേക്ക് പോകുന്നതിനിടയിൽ പിന്നാലെ കയറാൻ ശ്രമിച്ച രണ്ടു പേരെയും തങ്കമ്മ തടഞ്ഞു. ഇതിനിടെ അമ്മ തങ്ങളെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് ഒരാൾ കാലുതൊട്ടു വന്ദിച്ചു. രണ്ടാമൻ ഈ സമയം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയായിരുന്നു. ഈ സമയത്ത് നിലവിളിച്ചുകൊണ്ട് മാലയിൽ മുറുകെ പിടിച്ചതിനാൽ തങ്കമ്മയുടെ കൈയിൽ മാലയുടെ ഒരു കഷണം അവശേഷിച്ചിരുന്നു. സംഭവം നടന്ന ഉടൻ കൈയിൽ കിട്ടിയ മാലയുമായി പ്രതികൾ ഓടി മറയുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസിന് ലഭിച്ച സി.സി.ടി.വി ദ്യശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ തവണ വന്നപ്പോൾ പ്രതികൾ നൽകിയ ഒരു സംഭാവന രശീത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതികളിലേക്കെത്താൻ കാരണമായി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൊടുവിലാണ് പ്രതികൾ പിടിയിലാവുന്നത്. മൈസൂരുവിൽ ഒരുമിച്ച് ജോലി ചെയ്തതിലൂടെയാണ് പ്രതികൾ രണ്ടുപേരും പരിചയത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.