ഗൂഗ്ളിൽ ജോലിക്കാരനെന്ന വ്യാജേന വൈവാഹിക പരസ്യം; കോടികളുടെ വിവാഹ, വിസ തട്ടിപ്പുകൾ നടത്തിയ രണ്ടുപേർ പിടിയിൽ
text_fieldsചങ്ങരംകുളം: ഗൂഗ്ൾ കമ്പനിയിൽ ഉയർന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളിൽ വൈവാഹിക പരസ്യം നൽകി തട്ടിപ്പ് നടത്തിയ സംഘത്തെ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പിടികൂടി. കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിൽ നോട്ടിക്കണ്ടത്തിൽ അക്ഷയ് (30), കൊല്ലം കരുവല്ലൂർ സ്വദേശി അജയ് (40) എന്നിവരാണ് പിടിയിലായത്.
ചങ്ങരംകുളം സ്വദേശിനിയുമായി അക്ഷയ് കല്യാണമുറപ്പിച്ച ശേഷം പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റും പറഞ്ഞ് വീട്ടുകാരിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കഴിഞ്ഞവർഷം ആർഭാടമായി കല്യാണ നിശ്ചയം നടത്തിയിരുന്നു. ഇതിൽ വരന്റെ ബന്ധുക്കളായെത്തിയത് സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നു.
വിവിധ ജില്ലകളിലായി പതിനഞ്ചോളം വിസതട്ടിപ്പ് കേസുകളിലായി ഇരുവരും 2.5 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. ഇവർക്കെതിരെ കൊടുങ്ങല്ലൂർ, കൊല്ലം, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ, കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകളുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥരായ മനു, ബൈജു തുടങ്ങിയവരുടെ സഹായത്തോടെ തിരൂർ ഡി.എ.എൻ.എസ്.എഫ് ടീം അംഗങ്ങളാണ് കൊല്ലം ജില്ലയിലെ രഹസ്യതാവളത്തിൽ നിന്ന് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.