ഞെട്ടിക്കുന്ന ആസൂത്രണം: സ്വർണാഭരണങ്ങളും വാഹനവും തട്ടിയെടുത്ത രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: വിൽപനക്കായി കൊണ്ടുവന്ന അര കിലോ സ്വർണാഭരണങ്ങളും വാഹനവും തട്ടിയെടുത്ത പ്രതികളെ പൊലീസ് പിടികൂടി. മഞ്ചേരി കാരക്കുന്നിലെ ജ്വല്ലറിയിൽ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പൻ ഫർസാൻ (മുന്ന - 26), സഹായി കുന്നുമ്മൽപ്പൊട്ടി സ്വദേശി പറമ്പൻ മുഹമ്മദ് ഷിബിലി (ഷാലു - 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ നിർമാണശാലയിൽനിന്ന് ജ്വല്ലറികളിലേക്ക് സ്കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്തവരാണ് മണിക്കൂറുകൾക്കകം പിടിയിലായത്. നഷ്ടപ്പെട്ട സ്വർണവും വാഹനവും കണ്ടെടുത്തു.
മഞ്ചേരിയിൽ സ്വർണ വ്യാപാരം നടത്തുന്ന പോത്തുകല്ല് സ്വദേശി വായാടൻ പ്രദീഷിൽനിന്നാണ് പ്രതികൾ സ്വർണം തട്ടിയെടുത്തത്. ഫർസാന്റെ കടയിലും സ്വർണമെത്തിച്ചിരുന്നത് പ്രദീഷായിരുന്നു. പ്രദീഷ് ആഭരണം വിതരണം ചെയ്യുന്ന രീതിയും റൂട്ടും മനസ്സിലാക്കിയ ഫർസാൻ സ്വർണം തട്ടിയെടുക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് പ്രദീഷിന്റെ കടയിലെത്തി താൽക്കാലികാവശ്യത്തിനെന്ന് പറഞ്ഞ് സ്കൂട്ടർ കൊണ്ടുപോയ ഫർസാൻ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയശേഷം സ്കൂട്ടർ മടക്കി കൊടുക്കുകയായിരുന്നു. പിന്നീട് അടവ് തെറ്റിയ വാഹനം പിടിച്ചുകൊടുത്താൽ നല്ലൊരു തുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഷിബിലിയെ കൂടെ കൂട്ടിയ ഫർസാൻ ചൊവ്വാഴ്ച രാവിലെ മഞ്ചേരിയിലെത്തി സ്കൂട്ടറിൽ പോകുന്ന പ്രദീഷിനെ കാണിച്ചുകൊടുത്തു. ഇരുവരും ഫർസാന്റെ ബൈക്കിൽ പ്രദീഷിനെ പിന്തുടർന്ന് ഉച്ചയോടെ പൂക്കോട്ടുംപാടത്ത് എത്തി. ഫർസാൻ പ്രദീഷിനെ ഫോണിൽ വിളിച്ച് താൻ പൂക്കോട്ടുംപാടം വഴി പോകുന്നുണ്ടെന്നും അവിടെ വെച്ച് കാണണമെന്നും അറിയിച്ചു. പിന്നീട് ഫർസാൻ ഫോണിൽ വിളിച്ച് പൂക്കോട്ടുംപാടത്തെ ഒരു ബേക്കറിയിലേക്ക് ജ്യൂസ് കുടിക്കാൻ ക്ഷണിച്ചു. അവിടെയെത്തിയ പ്രദീഷ് സ്കൂട്ടർ നിർത്തി കടയിലേക്ക് കയറി. ഈ സമയത്ത് പുറത്തു കാത്തുനിന്ന ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്വർണമടങ്ങിയ സ്കൂട്ടറുമായി കടന്നുകളഞ്ഞു. പുറത്തിറങ്ങിയ പ്രദീഷ് സ്കൂട്ടർ കാണാതെ പരിഭ്രമിച്ചപ്പോൾ ഫർസാൻ പരിസരങ്ങളിൽ അന്വേഷിക്കാമെന്നു പറഞ്ഞ് പൊലീസിനെ അറിയിക്കുന്നതിൽനിന്ന് തന്ത്രത്തിൽ പിന്തിരിപ്പിച്ചു.
സ്വർണവ്യാപാരത്തിൽ പങ്കാളിയായ ബന്ധുവിനെ പ്രദീഷ് വിവരം അറിയിച്ചപ്പോൾ അദ്ദേഹം പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞതു പ്രകാരം ഫർസാനേയും കൂട്ടി സ്റ്റേഷനിൽ വിവരമറിയിച്ചു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ മേൽനോട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായിരുന്നു ഫർസാന്റെ മറുപടി. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഷിബിലിയെ ഫോൺ ചെയ്ത് പൂക്കോട്ടുംപാടത്ത് എത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച സ്കൂട്ടർ സ്വർണാഭരണങ്ങൾ സഹിതം ഫർസാന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരന്റെ നേതൃത്വത്തിൽ എസ്.ഐ ജയകൃഷ്ണൻ, ബിനു കുമാർ, സി. അജീഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം. അസൈനാർ, എൻ.പി. സുനിൽ, കെ.ടി. ആഷിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.