കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന രണ്ടുപേർ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിലെ കോളജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും എം.ഡി.എം.എ എന്ന ലഹരി മരുന്ന് ബംഗളൂരുവിൽ നിന്ന് എത്തിച്ച് ചില്ലറ വിൽപന നടത്തി വന്നിരുന്ന രണ്ടുപേരെ കരുനാഗപ്പള്ളി െപാലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം കടത്തൂർ തറയിൽപടീറ്റതിൽ മുജീബ് (47), കരുനാഗപ്പള്ളി കോഴിക്കോട് പറമ്പിൽ വീട്ടിൽ ദീപു എന്ന് വിളിക്കുന്ന രാജേഷ് (38) എന്നിവരെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇരുവരിൽ നിന്നുമായി 11.5 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി െപാലീസ് അറിയിച്ചു. മാരക ലഹരിയായ എം.ഡിഎം.എയുടെ ഒരു ഗ്രാം കൊണ്ട് ഏകദേശം 70 പേർക്ക് ഒരേസമയം അതികഠിനമായ ലഹരി പ്രദാനം ചെയ്യുന്ന ഇനമാണ് അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതെന്നും കരുനാഗപ്പള്ളി, കുലശേഖരപുരം, കടത്തൂർ-മണ്ണടിശ്ശേരി ഭാഗം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ലഹരി സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ ഇരുവരുമെന്നും പൊലീസ് അറിയിച്ചു.
ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്താൽ 0.5 ഗ്രാം പായ്ക്കറ്റിൽ ഡെലിവറി ചെയ്യുന്നതാണ് ഇവരുടെ പതിവ്. 0.5 പായ്ക്കറ്റിന് 5000 രൂപയാണ് ഈടാക്കുന്നത്. ഇത് ഉപയോഗിച്ചാൽ 36 മണിക്കൂർ വരെ ഉറക്കം വരാതെ ഇരിക്കാൻകഴിയും എന്നുള്ളതുകൊണ്ട് ചെറുപ്പക്കാർ വ്യാപകമായി വാങ്ങി ഉപയോഗിച്ച് വരുന്നതായും കുലശേഖരപുരം, കടത്തൂർ മേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്നും െപാലീസ് അറിയിച്ചു.
കരുനാഗപ്പള്ളി എ.സി.പി ഷൈൻ തോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, അലക്സാണ്ടർ, എ.എസ്.ഐമാരായ നന്ദകുമാർ, ശ്രീകുമാർ, എസ്.സി.പി.ഒ മാരായ രാജീവ് കുമാർ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.