റേഷനരി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ; ലോറി കസ്റ്റഡിയിൽ
text_fieldsആലപ്പുഴ: പൊതുവിപണിയിൽ വിൽക്കുന്നതിന് ലോറിയിൽ കടത്താൻ ശ്രമിച്ച 54 ചാക്ക് റേഷനരി പിടികൂടി. കടയുടമയും ലോറി ഡ്രൈവറും അറസ്റ്റിൽ. വഴിച്ചേരി മാർക്കറ്റിലെ സുരേന്ദ്ര സ്റ്റോഴ്സ് ഉടമ ആലപ്പുഴ വലിയമരം പ്രഭാലയം സുരേന്ദ്രൻ നായർ (63), മിനിലോറി ഡ്രൈവർ തൃക്കൊടിത്താനം ഇല്ലത്തുപറമ്പ് രാജേഷ് (41) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദ സംഭവം. പൊലീസ് എത്തിയപ്പോൾ 2.7 ടൺ അരി ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റേഷനരിയാണെന്ന് തിരിച്ചറിഞ്ഞ് ലോറിയടക്കം പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, റേഷൻ ചാക്കിൽനിന്ന് അരി മാറ്റിനിറച്ചതിനാൽ പിടിച്ചത് റേഷനരിയാണോയെന്ന് സിവിൽ സപ്ലൈസ് അധികൃതർ ഉറപ്പിച്ചിട്ടില്ല. അരി റേഷനെന്ന് ഉറപ്പിക്കാൻ സിവിൽ സപ്ലൈസ് ക്വാളിറ്റി കൺട്രോളർ തിങ്കളാഴ്ച പരിശോധന നടത്തും. എഫ്.സി.ഐ, സപ്ലൈകോ ലേബൽ ചാക്കിൽ ഇല്ലാത്തതാണ് കാരണം. അതേസമയം, റേഷനരിയാണെന്ന ഉറപ്പിലാണ് കേസുമായി മുന്നോട്ടുപോകുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിെൻറ റിപ്പോർട്ട് പൊലീസ് കലക്ടർക്കും സമർപ്പിച്ചിട്ടുണ്ട്.
സമാനമായ അരിക്കടത്തിൽ മൂന്നാം തവണയാണ് സുരേന്ദ്രൻ നായർ പിടിയിലാകുന്നത്. കഴിഞ്ഞ ജൂണിൽ മൂന്ന് ടൺ അരിയും ഒക്ടോബറിൽ 6.5 ടൺ അരിയും ഇവിടെനിന്ന് പിടികൂടിയിരുന്നു. മുമ്പ് അരി കടത്താൻ ഉപയോഗിച്ച അഞ്ച് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പലകേസിലും പിടികൂടുന്ന അരി റേഷനരിയാണെന്ന് ഉറപ്പിക്കാൻ കഴിയാത്തതാണ് കരിഞ്ചന്ത വ്യാപകമാകുന്നത്. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യകമീഷൻ സിവിൽ സപ്ലൈസ് അധികൃതരെ വിമർശിച്ചിരുന്നു. അരിയുടെ സാംപിൾ ശേഖരിച്ച് ശാസ്ത്രീയപരിശോധന നടത്തണമെന്നാണ് കമീഷെൻറ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.