പോത്തിന്‍കണ്ടം ക്ഷേത്രത്തിലെ വിഗ്രഹവുമായി രണ്ടുപേര്‍ പിടിയില്‍; മദ്യലഹരിയിൽ നടത്തിയ സംഭാഷണം തുമ്പായി
text_fieldsനെടുങ്കണ്ടം: ഒരുവര്‍ഷം മുമ്പ് പോത്തിന്‍കണ്ടം ക്ഷേത്രത്തില്‍നിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹവുമായി രണ്ടുപേര്‍ പിടിയില്‍. അന്യാര്‍തൊളു ആനിവേലില്‍ ശശി (പ്രസാദ്- 48), കാഞ്ചിയാര്‍ കല്‍ത്തൊട്ടി കാനാട്ട് റജിജോസഫ് (48) എന്നിവരെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്തിന്‍കണ്ടം 1361 എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമാണ് 2021 ജനുവരി 11ന് രാത്രിയിൽ മോഷണംപോയത്. ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവന്റെ വിഗ്രഹമാണ് മോഷ്ടിച്ചത്. 2015ലാണ് ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചത്. കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിഗ്രഹം മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്രം ഭരണസമിതി പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ഇതോടെ കേസ് അന്വേഷണം മരവിച്ച മട്ടിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഷാപ്പില് മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറഞ്ഞു. വിറ്റാല്‍ 50,000 രൂപ കിട്ടുമെന്നും സുഹൃത്തിന്റെ പക്കലുണ്ടെന്നുമാണ് പറഞ്ഞത്. ഈ വിവരം ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ അറിഞ്ഞു. ക്ഷേത്രം ഭാരവാഹികള്‍ ശശിയെ കമ്പംമെട്ട് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം സുഹൃത്ത് റെജി ജോസഫിനെ എല്പിച്ചതായി തുറന്നുപറഞ്ഞു. റെജിയുടെ വിട്ടില്‍ കമ്പംമെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ ബിഗ് ഷോപ്പറിലാക്കി ചാക്കില്‍ പൊതിഞ്ഞ പഞ്ചലോഹ വിഗ്രഹം കണ്ടെത്തുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.