നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsചെറുതുരുത്തി: 50 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. വള്ളത്തോൾ നഗർ പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരിൽ കോഴിഫാം നടത്താൻ വാടകക്കെടുത്ത സ്ഥലത്തെ മുറികളിൽനിന്നാണ് 150 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ചെറുതുരുത്തി എസ്.ഐ എ.ആർ. നിഖിലിന് ലഭിച്ച വിവരത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചക്ക് 12ന് പള്ളിക്കര സ്കൂളിന് സമീപം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയ നാല് ചാക്ക് പുകയില ഉൽപന്നങ്ങളാണ് ആദ്യം പിടികൂടിയത്.
മലപ്പുറം താനൂർ കുഴിയംപറമ്പ് വീട്ടിൽ ഷെരീഫ് (36), പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി പുലവെട്ടത്ത് വീട്ടിൽ ഉനൈസ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ പുകയിലകൾ കടകളിൽ കൊണ്ടുപോയി കൊടുക്കുന്ന ഓട്ടോ ഡ്രൈവർമാരാണെന്നാണ് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കോഴിഫാമിൽനിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. വാടകക്ക് കോഴി ഫാം നടത്താൻ സ്ഥലം എടുത്ത പാലക്കാട് ചാത്തന്നൂർ വലിയകത്ത് വീട്ടിൽ അമീന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. സി.ഐ അനന്തകൃഷ്ണൻ, എസ്.ഐ ബദ്റുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് മോൻ, ടിജോ വാഴപ്പിള്ളി, ജയകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, ഗിരീഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.