കാറിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: തമിഴ്നാട് കമ്പത്തുനിന്ന് കഞ്ചാവ് കടത്തിവന്ന കാർ പൊലീസിനെ വെട്ടിച്ചുകടന്നുവെങ്കിലും പിന്തുടർന്ന് പിടികൂടി. രണ്ടുപേർ അറസ്റ്റിലായി. രണ്ടുപേർ രക്ഷപ്പെട്ടു. രഹസ്യവിവരത്തെതുടർന്ന് കൂടൽ പൊലീസ് കൈകാണിച്ചുവെങ്കിലും നിർത്താതെപാഞ്ഞ കാറിനെ പിന്തുടർന്നെത്തി പത്തനംതിട്ട വെട്ടിപ്രത്തുവെച്ച് കുറുകെയിട്ട് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.
പത്തനംതിട്ട വലഞ്ചുഴി കുരുട്ടിമെർക്ക് വീട്ടിൽ ഹാഷിം (32), വലഞ്ചുഴി പള്ളിമുരുപ്പേൽ വീട്ടിൽ അഫ്സൽ (27)എന്നിവരാണ് ആറ് കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. കമ്പത്തുനിന്ന് കഞ്ചാവുമായി കാർ പുനലൂർ വഴി പത്തനംതിട്ടക്ക് വരുന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി കൂടൽ പൊലീസിനുനൽകിയ നിർദേശത്തെതുടർന്ന് റോഡിൽ നിലയുറപ്പിച്ച എസ്.ഐ ദിജേഷിന്‍റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് സംഘം കൈകാണിച്ചുവെങ്കിലും നിർത്താതെ പാഞ്ഞു. കൂടൽ പൊലീസ് പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം കൈമാറിയതിനെ തുടർന്ന് പത്തനംതിട്ട എസ്.ഐ രതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. വെട്ടിപ്രത്ത് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ, കൂടൽ പൊലീസ് വാഹനം ഓവർടേക്ക് ചെയ്ത് മുന്നിൽകയറി. കാർ പൊലീസ് ജീപ്പിലിടിച്ചുനിന്നതിനെത്തുടർന്ന് പിൻവശത്തെ ചില്ല് തകർന്നു. ജില്ല പൊലീസ് ആന്‍റി നാർകോട്ടിക് സ്പെഷൽ ഫോഴ്സ് (ഡാൻസാഫ്) സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരുംകൂടി ചേർന്ന് പ്രതികളെ കൈയോടെ പിടികൂടി. കാറിൽനിന്ന് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.