വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ
text_fieldsതെലങ്കാന: വീട്ടിലെ അലമാരയിൽനിന്നും നാല് ലക്ഷം രൂപ മോഷണം നടത്തിയ സംഭവത്തിൽ എട്ടും ഒമ്പതും വയസ്സുകാരായ സഹോദരങ്ങൾ പിടിയിൽ. പണം മോഷ്ടിച്ച് 20 ദിവസത്തിനിടെ ഇരുവരും വാങ്ങിക്കൂട്ടിയത് വിലകൂടിയ സ്മാർട്ട് ഫോണുകളും വാച്ചുകളുമാണെന്ന് പൊലീസ് പറഞ്ഞു.
ആഡംബര ഭക്ഷണശാലകളിൽ പോയി ഗെയിം സെന്‍ററുകൾ സന്ദർശിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. തെലങ്കാനയിലെ ജീഡിമെറ്റ്‌ലയിലെ എസ്.ആർ നായിക് നഗറിലാണ് സംഭവം. പണം കവർന്ന ശേഷം മാതാപിതാക്കൾക്ക് സംശയം തോന്നാതിരിക്കാൻ അലമാരയിൽ വ്യാജ കറൻസി പകരം കൊണ്ടുവെക്കുകയും ചെയ്തു.
മക്കളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റം ശ്രദ്ധിച്ച ദമ്പതികൾ അലമാരയിലെ പണം പരിശോധിച്ചപ്പോഴാണ് വ്യാജ നോട്ടുകളാണെന്നും മോഷ്ടിക്കപ്പെട്ട വിവരവും മനസിലാക്കുന്നത്. ഇതോടെ ദമ്പതികൾ മക്കളെ ചോദ്യം ചെയ്യുകയും സത്യം പുറത്തറിയുകയായിരുന്നു.
തുടർന്ന് പൊലീസിൽ പരാതി നൽകി. പണം മോഷ്ടിച്ച് കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, കുട്ടികളെ പ്രലോഭിപ്പിച്ച് പണം കൈപ്പറ്റാൻ ചിലർ ശ്രമിച്ചിരുന്നെന്നും സഹോദരങ്ങൾക്ക് കള്ളനോട്ടുകൾ എത്തിച്ചു കൊടുത്തതിന് പിന്നിൽ അവരാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മോഷണത്തിന് പ്രലോഭിപ്പിച്ചവരെ ഉടൻ കണ്ടുപിടിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.