പല്ല്... വേണ്ടായിരുന്നു!! 15 വർഷം പൊലീസിനെ വെട്ടിച്ച പ്രതിയെ സ്വർണപ്പല്ല് കുടുക്കി
text_fieldsഗാന്ധിനഗർ: 15 വർഷമായി പൊലീസിനെ വെട്ടിച്ച് നടന്ന വഞ്ചന കേസ് പ്രതിയെ കുടുക്കാൻ സഹായിച്ചത് സ്വർണപ്പല്ലുകൾ. പ്രവീൻ അഷുബ ജഡേജ എന്ന 38കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വഞ്ചനാകേസിൽ അറസ്റ്റിലായ പ്രതി ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു. ഗുജറാത്തിലെ മാണ്ഡവിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2007ൽ തുണിക്കച്ചവടക്കാരിൽ നിന്ന് ഇയാൾ 40,000 രൂപ കൈപ്പറ്റുകയായിരുന്നു. പിന്നീട് പണം കളവ് പോയതായി ഇയാൾ കച്ചവടക്കാരെ അറിയിച്ചു. തുടർന്നുള്ള അന്വേണത്തിൽ ഇയാൾ തന്നെയാണ് പണം തട്ടിയതെന്ന് വ്യക്തമായി. വഞ്ചനാകുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു.
ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വർണ്ണ പല്ലുകൾ മാത്രമായിരുന്നു ഇയാളെ കണ്ടെത്താനുള്ള ഏക അടയാളം. ജഡേജയോടൊപ്പം ജോലി ചെയ്തിരുന്ന ഒരാൾ ഇയാൾ മാണ്ഡവി ജില്ലയിലുണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് യൂണിക് ഐഡന്‍റിഫികേഷൻ അതോറിറ്റിയുടെ സഹായത്തോടെ ഇതേ പേരും വയസുമുള്ള ആളുകളുടെ പട്ടിക തയ്യാറാക്കി. ഇതിൽ മാണ്ഡവിയിലെ പച്ചക്കറി കച്ചവടക്കാരന് സാമ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്ക് രണ്ട് സ്വർണ്ണ പല്ലുകളും ഉണ്ടായിരുന്നു.
തുടർന്ന് എൽ.ഐ.സി ഏജന്‍റാണെന്ന വ്യാജേന പൊലീസ് ജഡേജയെ ഫോൺ വിളിക്കുകയും പോളിസി കലാവധി കഴിഞ്ഞെന്നും പണം ലഭിക്കുന്നതിന് ഒപ്പ് ഇടണമെന്നും പറയുകയുമായിരുന്നു. ഒപ്പിടാനായി എത്തിയ ജഡേജയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പരാതിക്കാർ തിരിച്ചറിഞ്ഞതായും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.