പ്രവാസിയുവാവിന്റെ കൊല നടന്നിട്ട് രണ്ടുമാസം; മുഖ്യപ്രതികൾ കാണാമറയത്ത്
text_fieldsകാസർകോട്: പുത്തിഗെ മുഗു റോഡ് നസീമ മൻസിലിലെ അബൂബക്കർ സിദ്ദീഖി (31)നെ തട്ടിക്കൊണ്ടുപായി കൊലപ്പെടുത്തിയിട്ട് രണ്ടുമാസം തികയുമ്പോഴും പ്രധാന പ്രതികൾ കാണാമറയത്തുതന്നെ. ദുബൈയിൽ ബിസിനസുകാരനായ സിദ്ദീഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.
നാടിനെ നടുക്കിയ സംഭവം നടന്നിട്ട് ആഗസ്റ്റ് 26ന് രണ്ടുമാസം പിന്നിടുകയാണ്. ഡോളർ കടത്തു ഇടപാടുമായി ബന്ധപ്പെട്ട് ജൂൺ 26നാണ് ക്വട്ടേഷൻ സംഘം സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടർന്ന് രാത്രി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി.
ക്വട്ടേഷൻ നൽകിയവർ ഉൾപ്പെടെ അറസ്റ്റിലായ ആറു പേരാണ് ഇതിനകം പിടിയിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ പത്തോളം പേരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയുമാണ് ഇനി പിടികൂടാനുള്ളത്. ഇവരെല്ലാം വിദേശത്തേക്ക് കടന്നതായാണ് വിവരം.
മഞ്ചേശ്വരം ഉദ്യാവർ റിയാസ് ഹസ്സൻ (33), ഉപ്പള ബിടി റോഡ് അബ്ദുൽ റസാഖ് (46), കുഞ്ചത്തൂർ അബൂബക്കർ സിദ്ദീഖ് (33), മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിലെ അബ്ദുൽ അസീസ് (36), അബ്ദുൽ റഹീം (41), പൈവളിഗെ കായർക്കട്ട പി.അബ്ദുൽ റഷീദ് (28) എന്നിവരാണ് അറസ്റ്റിലായവർ. ഉപ്പളയിലെ ട്രാവൽ ഉടമയും ചില സുഹൃത്തുക്കളും ചേർന്ന് സിദ്ദീഖിന്റെ കൈവശം നൽകിയ ഡോളർ അടങ്ങിയ ബാഗ് യഥാർഥ ആളുടെ കൈവശം എത്തിച്ചില്ലെന്ന് ആരോപിച്ചാണ് കൊല നടത്തിയത്.
സിദ്ദീഖിന്റെ ജ്യേഷ്ഠൻ അൻവർ, സുഹൃത്ത് അൻസാരി എന്നിവരെയാണ് ക്വട്ടേഷൻ സംഘം ആദ്യം തട്ടിക്കൊണ്ടുപോയത്. പൈവളിഗെയിലെ വിജനമായ സ്ഥലത്തെ വീട്ടിലും പരിസരത്തെ കാട്ടിലുമായി ഇരുവരെയും ക്രൂരമായി മർദിച്ചു. ഇവരെ വിട്ടയക്കണമെങ്കിൽ ഉടൻ നാട്ടിലെത്തണമെന്ന് പറഞ്ഞാണ് സിദ്ദീഖിനെ ദുബൈയിൽനിന്ന് വരുത്തിച്ചത്. ക്രൂരമായ മർദനങ്ങൾക്കൊടുവിലാണ് സിദ്ദീഖ് മരിച്ചത്.
കാസർകോട് ഡിവൈ.എസ്.പി വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്വട്ടേഷൻ നൽകിയവരും കൊലപ്പെടുത്തിയവരുമെല്ലാം ആരെന്ന് നാട്ടിൽ പാട്ടാണെങ്കിലും പിടികൂടാൻ കഴിയാത്തതാണ് പൊലീസിന് തലവേദനയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.