രണ്ട് കൊലപാതകങ്ങൾ, ഗൃഹനാഥന്റെ ആത്മഹത്യ ഞെട്ടൽ മാറാതെ വയനാട് ജില്ല
text_fieldsസുൽത്താൻബത്തേരി: രണ്ട് കൊലപാതകങ്ങൾക്ക് ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ശനിയാഴ്ച രാവിലെ ചെതലയം പ്രദേശം ഉണർന്നത്. കവലയിൽനിന്ന് ഒരുകിലോമീറ്റർ അകലെ അടിവാരം ഭാഗത്തെ പുത്തൻപുരയ്ക്കൽ ഷാജുവിന്റെ വീട്ടിലേക്ക് പിന്നീട് നാട്ടുകാരുടെ ഒഴുക്കായിരുന്നു. രാവിലെ 10 മണിയായപ്പോഴേക്കും വീടും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. പൊലീസ്, റവന്യൂ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളുംകൊണ്ട് ഗ്രാമീണ റോഡ് നിറഞ്ഞു. നാട്ടുകാർ വീടിന് ചുറ്റും കൂടിയെങ്കിലും പൊലീസ് ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ജില്ല പൊലീസ് മേധാവി പദം സിങ്ങിന്റെ സാന്നിധ്യത്തിൽ സുൽത്താൻബത്തേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ബിന്ദുവിന്റെ മൃതദേഹം ബെഡിൽ കിടക്കുന്ന നിലയിലായിരുന്നു. പുതപ്പ് ഉണ്ടായിരുന്നു. കഴുത്തിന്റെ ഭാഗത്താണ് വെട്ടേറ്റത്. കിടന്നുറങ്ങുമ്പോൾ പെട്ടെന്നുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നുള്ള സംശയത്തിന് ഇത് ഇടനൽകുന്നു.
ബേസിലിന്റെ മൃതദേഹം ഹാളിലായിരുന്നു. ഇദ്ദേഹത്തിന്റെ നെഞ്ചിനാണ് കുത്തേറ്റത്. വെളുപ്പിന് മൂന്നോടെ വീട്ടിൽനിന്നും വലിയ കരച്ചിൽ കേട്ടതായി തൊട്ടടുത്ത് താമസിക്കുന്ന ഷാജുവിന്റെ അനിയൻ ബാബു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മകൻ ബേസിലിനോടും സഹോദരൻ ബാബുവിനോടും ഷാജുവിന് വലിയ ദേഷ്യമുണ്ടായിരുന്നു. അതിനാൽ ബാബു കരച്ചിൽ കേട്ടിട്ടും സഹോദരന്റെ വീട്ടിലേക്ക് പോയില്ല. പിന്നീട് ബഹളം ഒഴിഞ്ഞപ്പോൾ അയൽക്കാർ വീട്ടിലെത്തിയെങ്കിലും ഒരനക്കവും കേട്ടില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പിന്നീട് ആറാം മൈലിലുള്ള ബിന്ദുവിന്റെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് അസ്വാഭാവികത കണ്ടത്. തുടർന്ന് പൊലീസുമെത്തി. മുകൾ നിലയിൽ വിഷം കഴിച്ചു മരിച്ച നിലയിലായിരുന്നു ഷാജുവിന്റെ മൃതദേഹം കിടന്നിരുന്നത്.
സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമായിരുന്ന ഷാജുവിനെ വീട്ടിൽ കയറ്റാതിരിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. അതിനാൽ ഷാജു എപ്പോൾ വീട്ടിലെത്തി എന്നതിനെ കുറിച്ച് നാട്ടുകാർക്ക് അറിവില്ല. കൃത്യം നടത്താനായി ഷാജു വെളുപ്പിന് വീട്ടിലെത്തിയതായിരിക്കുമെന്നാണ് നിഗമനം. മരിച്ച ബേസിലിന് കാലിന് ചെറിയ ബലഹീനതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.