ചോക്ലേറ്റിൽ കഞ്ചാവ് കലർത്തി വിൽപന: രണ്ടുപേർ റിമാൻഡിൽ
text_fieldsമംഗളൂരു: നഗരത്തിൽ കാർസ്ട്രീറ്റിലേയും ഫൽനീറിലേയും കടകളിൽ വിറ്റ ചോക്ലേറ്റുകളിൽ ലഹരിക്കായി കലർത്തിയത് കഞ്ചാവ്. ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ. ജയിൻ പറഞ്ഞൂ.
കഴിഞ്ഞ മാസം 19നാണ് കാർ സ്ട്രീറ്റിൽ പൂജ പാലസ് ബിൽഡിങ്ങിലെ "വൈഭവ് പൂജ സെയിൽസ്" കട ഉടമ മംഗളൂരു വി.ടി. റോഡിലെ മനോഹർ ഷെട്ടി(47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ(45) എന്നിവരെ ലഹരി ചോക്ലേറ്റ് വില്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അന്ന് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, രാസപരിശോധയിൽ ലഹരി സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആനന്ദ ചൂർണ, പവർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്ലേറ്റുകളാണ് വില്പന നടത്തിയത്. മനോഹർ ഷെട്ടിയുടെ കടയിൽ നിന്ന് 40 വീതം ചോക്ലേറ്റുകൾ അടങ്ങിയ 48,000 രൂപ വിലവരുന്ന 300 പാക്കറ്റുകൾ, 12,592 രൂപ വിലയുള്ള 592 ചോക്ലേറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
മംഗളൂരുവിലെ പ്രസിദ്ധമായ വെങ്കിടരമണ ക്ഷേത്രം പരിസരത്ത് പൂജ വസ്തുക്കളുടെ മറവിലാണ് മനോഹർ ഷെട്ടി ലഹരി വ്യാപാരം നടത്തിവന്നത്. റെയ്ഡിൽ പിടിച്ചെടുത്ത ചോക്ലേറ്റുകൾ ഉത്സവം മുൻനിർത്തി വില്പനക്ക് സൂക്ഷിച്ചതാണെന്ന് ഷെട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് വാർത്ത സമ്മേളനം നടത്തി ഈ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എന്ത് ശിക്ഷയും അനുഭവിച്ചോളാം എന്ന് പറയുകയായിരുന്നു. ബച്ചൻ സോങ്കാറിന്റെ കടയിൽ നിന്ന് 5500 രൂപയുടെ ലഹരി ചോക്ലേറ്റാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.