രാവിലെ മുതൽ രൂക്ഷ ദുർഗന്ധം, അന്വേഷണത്തിനിടെ ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം
text_fieldsഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.
ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ -പെരുമ്പാടി ചുരം പാതയിൽ കർണാടകയുടെ പെരുമ്പാടി ചെക്ക് പോസ്റ്റിന് നാലു കിലോമീറ്ററിനിപ്പുറം റോഡിൽനിന്ന് നൂറു വാര അകലത്തിലായിരുന്നു ട്രോളി ബാഗിൽ മൃതദേഹം ഉണ്ടായിരുന്നത്.
ദുർഗന്ധത്തെതുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ നീല നിറത്തിലുള്ള ട്രോളി ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗിന്റെ തുറന്നു കിടന്ന ഭാഗത്ത് തലയോട്ടിയും കണ്ടതോടെ ഇവർ വീരാജ്പേട്ട പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിനായി മടിക്കേരി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനാവൂയെന്ന് പൊലീസ് വ്യക്തമാക്കി. കർണാടകത്തിലെയും അതിർത്തി മേഖലയിലെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചിട്ടുണ്ട്. നിലവിൽ മേഖലയിൽ ഏതെങ്കിലും മിസിങ് കേസുകളുണ്ടോ എന്നാണ് പൊലീസ് പരിശോധിച്ച് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.