മാല പൊട്ടിച്ചതിന് രണ്ട് യുവതികൾ പിടിയിൽ; പിറകിൽ വൻസംഘമെന്ന് പൊലീസ്
text_fieldsതൃപ്പൂണിത്തുറ: ബസ്സുകളിൽ മാല പൊട്ടിക്കുന്ന സംഘത്തിൽപെട്ട രണ്ടു പേർ അറസ്റ്റിൽ. കോയമ്പത്തൂർ റെയിൽവേ കോളനിയിൽ താമസക്കാരായ കവിത, കൗസല്യ എന്നിവരാണ് തൃപ്പൂണിത്തുറ ബസ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റിലായത്.
തിരുവാണിയൂർ പരുത്തിക്കാട്ടിൽ വീട്ടിൽ പ്രകാശിനി(75)യുടെ രണ്ടു പവന്റെ സ്വർണ്ണമാല കഴിഞ്ഞ 18 ന് രാവിലെ തിരുവാങ്കുളത്തു നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരത്തു നിന്നും പ്രതികളെ പിടികൂടിയത്.
പ്രകാശിനിയുടെ പരാതി പ്രകാരം തൃപ്പൂണിത്തുറ ബസ്റ്റാൻഡിൽ ബസ് നിർത്തി ഇറങ്ങുന്ന സമയം കൃത്രിമമായി തിരക്കുണ്ടാക്കി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നിൽ നിന്ന് യാത്ര ചെയ്തിരുന്ന രണ്ടു തമിഴ് സ്ത്രീകളെയാണ് സംശയം എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിരവധി സി. സി. ടി. വി കൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് സി. ഐ പറഞ്ഞു.
സ്വർണ്ണമാല പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഇവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ല. സ്ഥിരമായി ഒരിടത്തു താമസിക്കാതെ റെയിൽവേ സ്റ്റേഷനികളിലും ബസ് സ്റ്റാന്റുകളിലുമാണ് തങ്ങാറുള്ളത്. മോഷണമുതലുകൾ ഇവരിൽ നിന്നും ശേഖരിക്കുന്നതിനായി ഈ സംഘങ്ങളുടെ തലവൻമാർ ആഴ്ചയിൽ ഒരിക്കൽ കേരളത്തിലെത്താറുണ്ട്. ഇവർ പിടിയിൽ അകപ്പെട്ടാൽ നിയമ സഹായം നൽകുന്നതിന് ഒരു വൻ ലോബി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുളളവർ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസുമായി ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി. എച്ച്.നാഗരാജു അറിയിച്ചു.
തൃക്കാക്കര അസ്സി. കമ്മീഷണർ പി.വി ബേബി അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘത്തിൽ ഇൻസ്പെക്ടർ വി. ഗോപകുമാർ, പ്രിൻസിപ്പിൾ എസ്. ഐ.പ്രദീപ്. എം, എസ്. ഐ.മാരായ ജയൻ. കെ.എസ്, രാജൻ പിളള, എ. എസ്. ഐമാരായ രാജീവ്നാഥ്, എം. ജി. സന്തോഷ്, സതീഷ് കുമാർ, ഷാജി, എസ്. സി. പി. ഒമാരായ ശ്യാം.ആർ.മേനോൻ, വനിതാ പൊലീസുകാരായ ബിന്ദു, വിസ്മി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.