ആലുവയിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്
text_fieldsആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചുണങ്ങംവേലി സ്വദേശികളായ നിസാർ, അബൂബക്കർ, അശോകപുരം സ്വദേശി ഉണ്ണി എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണ്.
രണ്ടാഴ്ച മുമ്പാണ് സംഭവം. ഉബർ ഓട്ടോ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനമേറ്റത്. ഉബറിൽ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നതിന്റെ പേരിലാണ്, ഇവിടെ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചത്.
ക്രൂരമർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഷാജഹാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ സഹോദരി ജാസ്മി ബുധനാഴ്ച ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും നേരത്തേ ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ഷാജഹാൻ ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാൽ, പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചോര ഛർദിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
ഇവിടെ യു ട്യൂബറായ പെൺകുട്ടിയെയും ചെറുപ്പക്കാരനെയും മൃഗീയമായി മർദിച്ചതിലും ഈ പ്രതികളിലൊരാൾക്ക് പങ്കുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ആക്രമിച്ചവരെ രക്ഷിക്കാൻ പൊലീസ് ശ്രമം
ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഉബർ ഡ്രൈവറെ ആക്രമിച്ചവരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. അതിക്രൂരമായി ഉബർ ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച അനധികൃത ഓട്ടോ ഡ്രൈവർമാർക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ - യൂനിയൻ നേതാക്കളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ഈ ഭാഗത്ത് പതിവായി അതിക്രമങ്ങൾ നടത്തുന്നവരാണ് പ്രതികളെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. യൂനിയൻ നേതാക്കളുടെ പിൻബലത്തിലാണ് ഇവരുടെ ഗുണ്ടായിസം. ഇതിനെല്ലാം എന്നും പൊലീസ് ഒത്താശയുള്ളതായും ഓട്ടോ ഡ്രൈവർമാരടക്കമുള്ളവർ ആരോപിക്കുന്നു. ആന്തരികാവയവത്തിന് കേടുപറ്റി യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. എന്നിട്ടും കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടില്ല. പകരം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഡ്രൈവർക്ക് രക്തസ്രാവമുണ്ടായത് മർദനമേറ്റിട്ടാണോയെന്നതുൾപ്പെടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചാൽ മാത്രമേ കൂടുതൽ വകുപ്പുകൾ ചുമത്താൻ കഴിയൂവെന്ന നിലപാടിലാണ് പൊലീസ്. ഡ്രൈവർ ഷാജഹാനെ ക്രൂരമായി തല്ലിച്ചതക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ടായിട്ടും അതൊന്നും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.