അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 79 ലക്ഷം തട്ടി; മകള്‍ക്കും കാമുകനും തടവ് ശിക്ഷ വിധിച്ച് കോടതി
text_fieldsവയോധികയായ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 79 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത മകള്‍ക്കും കാമുകനും തടവ് ശിക്ഷ വിധിച്ച് കോടതി. യു.കെ സ്വദേശിനിയായ റെബേക്ക വാള്‍ട്ടണ്‍ ആണ് 85കാരിയായ തന്റെ അമ്മ മാര്‍ഗരറ്റ് വാള്‍ട്ടന്റെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയത്. വാദം കേട്ട കോടതി റെബേക്കയ്ക്ക് 2 വര്‍ഷത്തെ തടവാണ് വിധിച്ചത്. റെബേക്കയുടെ കാമുകനായിരുന്ന ഡങ്കന്‍ ലോവിന് ഒരു വര്‍ഷത്തെ തടവും കോടതി വിധിച്ചു. ഹള്‍ ക്രൗണ്‍ കോടതിയാണ് കേസിന്റെ വാദം കേട്ടത്.
യു.കെ ലെയ്‌ലാന്‍ഡിലാണ് 56കാരിയായ റെബേക്ക താമസിക്കുന്നത്. 2016 മാര്‍ച്ചിനും 2018 ഡിസംബറിനും ഇടയിലാണ് റെബേക്ക തന്റെ അമ്മയുടെ അകൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ചത്. സ്വന്തം ചെലവുകള്‍ക്കും ഷോപ്പിംഗിനുമായാണ് ഈ തുക ഇവര്‍ ഉപയോഗിച്ചത്. രണ്ടരവര്‍ഷത്തോളമാണ് ഇവര്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി പ്രോസിക്ക്യൂഷൻ പറയുന്നു. റെബേക്ക പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു. മാര്‍ഗരറ്റ് വാള്‍ട്ടന്റെ പേരിലുള്ള 35 ലക്ഷം രൂപ വിലവരുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തതായി റെബേക്കയുടെ മുന്‍ കാമുകന്‍ ഡങ്കന്‍ ലോവും സമ്മതിച്ചു.
ഈ കാലയളവിൽ കെയര്‍ ഹോമിലാണ് മാര്‍ഗരറ്റ് വാള്‍ട്ടൺ കഴിഞ്ഞിരുന്നത്. അമ്മയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താനുള്ള അധികാരം റെബേക്കയ്ക്ക് സഹോദരന്‍ കൈമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് തട്ടിപ്പ് നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. സാമ്പത്തിക കാര്യങ്ങള്‍ ഒന്നും നോക്കാനാകാത്ത നിലയിലായിരുന്നു അവര്‍ എന്ന് പ്രോസിക്യൂട്ടര്‍ സ്റ്റീഫന്‍ റോബിന്‍സണ്‍ കോടതിയെ അറിയിച്ചു.
റെബേക്കയ്ക്കും സഹോദരനുമായിരുന്നു സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താനുള്ള അധികാരം കൈമാറിയത്. കെയര്‍ ഹോമിന് അടുത്ത് താമസിക്കുന്നതിനാല്‍ റെബേക്കയ്ക്ക് ഈ അധികാരം സഹോദരന്‍ പൂര്‍ണ്ണമായി കൈമാറുകയായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ റെബേക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകും എന്നാണ് സഹോദരന്‍ കരുതിയത്. 2018 ഒക്ടോബര്‍ വരെ ഇദ്ദേഹത്തിന് ഒരു സംശയവും തോന്നിയില്ല. പിന്നീടാണ് ഇദ്ദേഹം അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്. 2019ല്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലെ തുക കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്.
അപ്പോള്‍ അക്കൗണ്ടില്‍ വെറും 31 ലക്ഷം രൂപയാണുണ്ടായിരുന്നത്. നേരത്തേ ഒരു കോടി രൂപയിലധികം അക്കൗണ്ടില്‍ ഉണ്ടായിരുന്നതായി സഹോദരൻ പറയുന്നു. പിന്നീടുള്ള പരിശോധനയിലാണ് കെയര്‍ ഹോമിനടുത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണമെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹം ഇക്കാര്യം റെബേക്കയോട് പറഞ്ഞു. താനാണ് പണം ഉപയോഗിച്ചതെന്ന് റെബേക്ക തുറന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പണം തിരികെ അക്കൗണ്ടിലെത്തിക്കണമെന്ന് സഹോദരന്‍ റെബേക്കയോട് പറഞ്ഞു.
മാര്‍ഗരറ്റും ഇക്കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ മകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവര്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ സമ്മതിക്കുകയായിരുന്നു. തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായി മനസിലാക്കാനുള്ള മാനസികസ്ഥിതിയിലല്ലായിരുന്നു മാര്‍ഗരറ്റ് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
2021ലാണ് പോലീസ് മാര്‍ഗറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനുപിന്നാലെ അവര്‍ മരണപ്പെടുകയും ചെയ്തു. മാര്‍ഗരറ്റിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ റെബേക്കയെ സഹോദരന്‍ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.