ശരീര ഭാഗങ്ങൾ അറ്റുപോയ നിലയിൽ; യു.പിയിൽ ദലിത് യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമെന്ന് കുടുംബം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ദലിത് യുവതി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടിരിന്നുവെന്ന ആരോപണവുമായി കുടുംബം. യുവതിയുടെ ഭർത്താവ് പൊലീസിന് നൽകിയ പരാതിയിലാണ് ആരോപണം ഉന്നയിച്ചത്. മരിക്കുന്നതിന് മുമ്പ് യുവതി ജോലി ചെയ്തിരുന്ന പ്രാദേശിക മില്ലിന്റെ ഉടമയുൾപ്പെടെ മൂന്ന് വ്യക്തികൾക്കെതിരെയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയിത്.
ചൊവാഴ്ച മില്ലിലേക്ക് ജോലിക്ക് പോയതാണ് യുവതി. പിന്നീട് യുവതിയുടെ അറ്റുപോയ തല മില്ലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് തന്നെ രക്തകറയോടുകൂടിയ സാരിയും ഒരു കൈയും കണ്ടെത്തി.
മില്ലിലെ ബെൽറ്റിൽ കുടുങ്ങി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ താൻ മിൽ സന്ദർശിച്ചപ്പോൾ അത് അടച്ചിട്ടിരിക്കുകയായിരുന്നും അമ്മയുടെ നിലവിളി അവിടെനിന്ന് കേട്ടുവെന്നും അവരുടെ മകൾ പറഞ്ഞു. മില്ലുടമയുടെ സഹോദരൻ രാജ് കുമാർ ശുക്ല 30 മിനിറ്റിനുശേഷം മദ്യലഹരിയിലാണ് വാതിൽ തുറന്നതെന്നും മകൾ പൊലീസിനോട് പറഞ്ഞു.
എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ ഗ്രാമത്തിൽ വൈദ്യുതി ഉണ്ടാകില്ലെന്നും അപ്പോൾ എങ്ങനെയാണ് മില്ലിലെ ബെൽറ്റിൽ കുടുങ്ങി മരിക്കുന്നതെന്നും യുവതിയുടെ മകൾ ചോദിച്ചു. എന്നാൽ യുവതി ജോലി കഴിഞ്ഞ് തിരിച്ച് പോയെന്നാണ് മില്ലുടമ പറഞ്ഞത്.
മൂന്ന് പേർക്കെതിരെയും കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് ഡോക്ടർമാരുടെ പാനലാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും മുഴുവൻ പ്രക്രിയയും വിഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.