യു.പിയിൽ നിരോധനാജ്ഞ നിലനിൽക്കെ വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവച്ചുകൊന്നു
text_fieldsലഖ്‌നൗ: യു.പിയിൽ നിരോധനാജ്ഞ നിലനിൽക്കെ പട്ടാപ്പകൽ വിദ്യാർഥിനിയെ വെടിവച്ചുകൊന്നു. ജലാവൂൻ ജില്ലയിൽ ക്രൂരമായ കൊലപാതകം നടന്നത്. ബിരുദ വിദ്യാർഥിനിയായ റോഷ്‌നി ആഹിർവാറാണ്(21) കൊല്ലപ്പെട്ടത്. സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങൾക്കു പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോട്‌വാലിയിലെ രാം ലഖാൻ പട്ടേൽ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് റോഷ്‌നി. കോളജിൽ പരീക്ഷ കഴിഞ്ഞു മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം പെൺകുട്ടിയെ വെടിവച്ചുവീഴ്ത്തിയത്. പെൺകുട്ടി തൽക്ഷണം തന്നെ മരിച്ചതായി നാട്ടുകാർ പറയുന്നു.
യു.പിയിലെ അന്ധ സ്വദേശിയായ മാൻ സിങ് ആഹിർവാറിന്റെ മകളാണ് റോഷ്‌നി. പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുംവഴിയാണ് ബൈക്കിൽ അക്രമികളെത്തിയത്. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാൾ കുട്ടിയുടെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. കോട്‌വാലിയിലെ പൊലീസ് സ്റ്റേഷന് വെറും 200 മീറ്റർ ദൂരത്തിലാണ് സംഭവം. അക്രമികൾ ബൈക്കിൽ തന്നെ രക്ഷപ്പെട്ടു. നാട്ടുകാർ പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. ആക്രമണം നടത്തിയ തോക്ക് സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.