37.5 കോടിയുടെ ഇൻഷൂറൻസ് സ്വന്തമാക്കാൻ 'വ്യാജ മരണം'; പാമ്പിനെ കൊണ്ട് കൊല്ലിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാളെ
text_fieldsപൂനെ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ മാനസികാസ്വാസഥ്യമുള്ളയാളെ കൊലപ്പെടുത്തിയ കേസിൽ 54കാരൻ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അഹ്മദ്നഗർ ജില്ലയിലെ രാജൂർ ഗ്രാമത്തിൽ ഈ വർഷം ഏപ്രിലിലാണ് സംഭവം.
നേരത്തെ യു.എസിലായിരുന്ന പ്രഭാകർ വാഗ്ചൗറെ അവിടുത്തെ സ്ഥാപനത്തിൽ നിന്ന് അഞ്ച് ദശലക്ഷം യു.എസ് ഡോളറിന്‍റെ (ഏകദേശം 37.5 കോടി രൂപ) ഇൻഷൂറൻസ് ക്ലെയിം ചെയ്യാനാണ് കൊല നടത്തിയത്. 50കാരനെ കൊലപ്പെടുത്താൻ പ്രതിയെ സഹായിച്ച നാലുപേരും അറസ്റ്റിലായിട്ടുണ്ട്. പണം വാഗ്ദാനം ചെയ്താണ് സന്ദീപ് തലേക്കർ, ഹർഷാദ് ലഹാമഗെ, ഹരീഷ് കുലാൽ, പ്രശാന്ത് ചൗധരി എന്നിവരെ കൂടെകൂട്ടിയത്.
'മുഖ്യപ്രതിയായ പ്രഭാകർ വാഗ്ചൗറെ 20 വർഷമായി അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. അമേരിക്കൻ സ്ഥാപനത്തിൽ നിന്ന് അഞ്ച് ദശലക്ഷം യു.എസ് ഡോളറിന്‍റെ ലൈഫ് ഇൻഷുറൻസ് അദ്ദേഹം എടുത്തിരുന്നു' അഹമദ്‌നഗർ പൊലീസ് സൂപ്രണ്ട് മനോജ് പാട്ടീൽ പറഞ്ഞു. 2021 ജനുവരിയിൽ ഇന്ത്യയിലെത്തിയ പ്രതി അഹമദ് നഗർ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബവീട്ടിൽ താമസമാക്കുകയായിരുന്നു.
'വാഗ്ചൗറെ പിന്നീട് രാജൂർ ഗ്രാമത്തിലേക്ക് താമസം മാറി. ഇവിടെ വാടകക്കായിരുന്നു താമസം. ഇയാൾ മറ്റ് പ്രതികൾക്കൊപ്പം മരിച്ചയാളെ വിഷപ്പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ അവനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ച് മരിച്ചയാളുടെ ബന്ധുക്കളാണെന്നാണ് പ്രതികൾ പരിചയപ്പെടുത്തിയത്. മരിച്ചയാളുടെ പേര് പ്രഭാകർ വാഗ്ചൗറെ എന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്തു' -പാട്ടീൽ പറഞ്ഞു.
'മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വാങ്ങി യു.എസിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന്‍റെ മകൻ ഇൻഷുറൻസിനായി ഫയൽ ചെയ്തു. നാട്ടിൽ വെച്ച് വാഗ്ചൗറെ മരിച്ചയാളുെട അന്ത്യകർമങ്ങൾ നടത്തി' -എസ്.പി കൂട്ടിച്ചേർത്തു.
മുമ്പ് പ്രതി തങ്ങളെ കബളിപ്പിക്കാൻ ശ്രമം നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ യു.എസ് കമ്പനിക്ക് സംശയം തോന്നി. തുടർന്ന് ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയച്ചു. അവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന പൊളിഞ്ഞത്. ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ് വാങ്ചോറെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.