മാതാവ് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു; കൊലപാതകമാണെന്ന് പിതാവ്
text_fieldsഉറക്കത്തിൽ മാതാവ് കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതായി മാതാവ് കാജൽ ദേവി (30) പറയുന്നു. എന്നാൽ, എപ്പോഴാണ് ശ്വാസം കിട്ടാതെ മരിച്ചതെന്നറിയില്ലെന്നാണ് പറയുന്നത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിതാവ് വിശാൽ കുമാർ പറയുന്നത്. പരാതിയുയർന്ന സാഹചര്യത്തിൽ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മൂന്ന് ആൺമക്കളാണുള്ളത്. മരിച്ച കുട്ടി ഏറ്റവും ഇളയതാണ്. ഒരേ കട്ടിലിൽ രക്ഷിതാക്കൾക്കിടയിൽ കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിലൂടെ കൂടുതൽ വ്യക്തതവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.