വടകര കസ്റ്റഡി മരണം: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി
text_fieldsവടകര: കസ്റ്റഡിയിലെടുത്ത യുവാവ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണു മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. വില്യാപ്പള്ളി കല്ലേരി സ്വദേശി താഴെ കോലോത്ത് സജീവനാണ് (32) വ്യാഴാഴ്ച രാത്രി വടകര പൊലീസ് സ്റ്റേഷൻ മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചത്. ആദ്യം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയ കേസ് ശനിയാഴ്ച സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് ഉത്തരവിറക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി മൊയ്‌തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്.പി വടകരയിലെത്തി അന്വേഷണം ആരംഭിച്ചു.
യുവാവിന്റെ മരണത്തിനിടയാക്കിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് സ്‌പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. മരണത്തിൽ പൊലീസ് വീഴ്ച സംഭവിച്ചതായുള്ള വിലയിരുത്തലിൽ വടകര എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുൺ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ എന്നിവരെ ഡി.ഐ.ജി രാഹുൽ ആർ.നായർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അന്വേഷണം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സംഘത്തെ ഏൽപിച്ചത്.
യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കാൻ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിന് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്നും ലഭിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശനിയാഴ്ച സജീവന്റെ സുഹൃത്തുക്കളായ കണ്ണാടികയിൽ ജുബൈർ ഉമ്മർ (32), കുനിയിൽ ഷംനാദ് (26), സജീവനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ രൂപേഷ്, പരിശോധിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി മൊയ്‌തീൻ കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.