നാട്ടുവൈദ്യന്റെ കൊല: മൃതദേഹം വെട്ടിനുറുക്കാനുള്ള തടിക്കഷ്ണം വാങ്ങിയത് മരവ്യാപാരിയിൽനിന്ന്
text_fieldsനിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കാനുള്ള തടിക്കഷ്ണം വാങ്ങിയത് മരവ്യാപാരിയിൽനിന്ന്. നിലമ്പൂർ മുക്കട്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലുള്ള പുളിമരത്തിൽനിന്നുള്ള കഷ്ണമാണ് വാങ്ങിയത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം 1500 രൂപക്ക് കച്ചവടം ഉറപ്പിച്ചത് കസ്റ്റഡിയിലുള്ള നൗഷാദാണ്. നൗഷാദും ഒളിവിൽ പോയ കൂട്ടുപ്രതി ഫാസിലുമാണ് തടിക്കഷ്ണം വാങ്ങി കാറിൽ കൊണ്ടുപോയത്. മരത്തിന്റെ ബാക്കി ഭാഗങ്ങൾ കച്ചവടക്കാരൻ മറിച്ചു വിൽക്കുകയായിരുന്നു. നൗഷാദിന്റെ മൊഴിപ്രകാരം കച്ചവടക്കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. വിവരം ശേഖരിച്ച ശേഷം നിലമ്പൂർ സി.ഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെത്തി മഹസർ തയാറാക്കി.
മൃതദേഹഭാഗങ്ങൾ ഷൈബിൻ അഷ്റഫിന്റെ വീട്ടിലെ ശുചിമുറിയിൽനിന്ന് കഷ്ണങ്ങളാക്കിയ ശേഷം തടിക്കഷ്ണം എവിടെ ഉപേക്ഷിച്ചെന്ന് തനിക്കറിയില്ലെന്നാണ് നൗഷാദിന്റെ മൊഴി. ഇത് ഷൈബിൻ നശിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള നൗഷാദിനെ നിലമ്പൂർ സ്റ്റേഷനിൽ ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ചയാണ് അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തിങ്കാളാഴ്ച കസ്റ്റഡി കാലാവധി കഴിയും.
കൂട്ടാളികൾ ഒളിവിൽ പോയത് പാസ്പോർട്ടുകളുമായി
നിലമ്പൂർ: നാട്ടുവൈദ്യന്റെ കൊലപാതക കേസിലെ കൂട്ടുപ്രതികളെല്ലാം മുങ്ങിയത് പാസ്പോർട്ടുകളുമായി. നിലമ്പൂർ സ്വദേശികളായ അഞ്ചുപേരാണ് ഒളിവിൽ പോയത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വ്യവസായ ശൃംഖലയുള്ള അബൂദബിയിൽ ഇവർക്ക് കാര്യമായ ബന്ധങ്ങളുണ്ട്. അഞ്ചുപേരും മുമ്പ് അബൂദബിയിലെ ഷൈബിന്റെ കമ്പനിയിൽ ജോലി ചെയ്തവരാണ്. ഷൈബിന് മാത്രമാണ് അബൂദബിയിൽ വിലക്കുള്ളത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. പാസ്പോർട്ട് കൈവശമുള്ളതിനാൽ വിസിറ്റിങ് വിസക്ക് വിദേശത്തേക്ക് പോവാൻ പ്രയാസമില്ല.
എയർപോർട്ടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഷൈബിൻ അഷ്റഫ് പിടിയിലായതോടെ ബംഗളൂരുവഴി വിദേശത്തേക്ക് കടക്കാൻ പ്രതികൾക്ക് സമയം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ, പ്രതികൾക്ക് വിദേശത്തേക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
മുഖ്യപ്രതിയെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വാങ്ങും
നിലമ്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയെയും കൂട്ടാളികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സൂത്രധാരൻ നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരാണ് ജയിലിലുള്ളത്. മൂന്നുപേരുടെയും ഒരുമിച്ചുള്ള കസ്റ്റഡിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ കസ്റ്റഡിയിലുള്ള സുൽത്താൻ ബത്തേരി സ്വദേശി തങ്കലകത്ത് നൗഷാദിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച തീരും. മുഖ്യപ്രതി ഷൈബിനുമായുള്ള തെളിവെടുപ്പ് നിർണായകമാണ്. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച തടിക്കഷ്ണവും കത്തിയും മറ്റ് ആയുധങ്ങളും കണ്ടെത്തണം. തടിക്കഷ്ണം മരക്കച്ചവടക്കാരനിൽനിന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.