വളപട്ടണം ഐ.എസ് കേസ്: ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും
text_fieldsകൊച്ചി: ഐ.എസിൽ ചേരാനായി യുവാക്കൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കണ്ണൂർ വളപട്ടണം ഐ.എസ് കേസിൽ ഒന്നാം ഘട്ട വിചാരണ നേരിട്ട മൂന്ന് പ്രതികൾ കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. ഒന്നാം പ്രതി കണ്ണൂർ മണ്ടേരി മിഥിലജ് (31), രണ്ടാം പ്രതി ചെക്കികുളം അബ്ദുൽ റസാഖ് (28), അഞ്ചാം പ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. സിറിയയിലേക്ക് കടന്ന ഒമ്പതുപേർ കൊല്ലപ്പെടുകയും നാലുപേരെ കാണാതാകുകയും ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം കുറ്റപത്രത്തിൽ പ്രതിചേർത്തിരുന്ന ചെക്കികുളം അബ്ദുൽ ഖയൂം സിറിയയിൽ ഒളിവിൽ കഴിയുമ്പോൾ കൊല്ലപ്പെട്ടു.
ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ എം.വി. റഷീദ്, മാനൗഫ് റഹ്മാൻ, കെ. അഫ്സൽ എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്തത് അടക്കം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് പ്രതികളെ എൻ.ഐ.എ ജഡ്ജി അനിൽ കെ. ഭാസ്കർ വിചാരണ ചെയ്തത്.
എന്നാൽ, ഭീകരസംഘടനക്കുവേണ്ടി പണം സ്വരൂപിച്ചതായുള്ള കുറ്റം പ്രതികൾക്കെതിരെ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എൻ.ഐ.എക്കുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.ജി. മനു ഹാജരായി. കണ്ണൂർ വളപട്ടണം ഡിവൈ.എസ്.പിയായിരുന്ന പി.പി. സദാനന്ദനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടരന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ ഡിവൈ.എസ്.പി വി.കെ. അബ്ദുൽ ഖാദറാണ് കുറ്റപത്രം സമർപ്പിച്ചത്.
സിറിയൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്താനുള്ള ഗൂഢാലോചനയിൽ 2016 മുതൽ പ്രതികൾ പങ്കാളികളാണെന്നായിരുന്നു എൻ.ഐ.എയുടെ ആരോപണം. സിറിയയിലേക്ക് സ്വയം പോകാനും യുവാക്കളെ കടത്താനും ഇവർ പദ്ധതിയിട്ടതായി എൻ.ഐ.എ ആരോപിച്ചു. പ്രതികൾ ഇറാൻവഴി തുർക്കിയിലെത്തിയിരുന്നു. അവിടെ നിന്ന് സിറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി.
മിഥിലജും റസാഖും അവിടെ പിടിയിലായി ഇന്ത്യയിലേക്ക് നാടു കടത്തപ്പെടുകയായിരുന്നു. വിചാരണയുടെ ഭാഗമായി 143 സാക്ഷികളെ വിസ്തരിച്ച കോടതി 230 രേഖകളും 22 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. 2019 സെപ്റ്റംബർ 16ന് തുടങ്ങിയ വിചാരണ ലോക്ഡൗണിനെത്തുടർന്ന് നീളുകയായിരുന്നു.
അഞ്ചു വർഷമായി തടവിൽ കഴിയുകയാണെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും ഇളവ് അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.