വളപട്ടണം കവർച്ച; അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsവളപട്ടണം: അരി വ്യാപാരിയായ കെ.പി. അഷ്റഫിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന കവർച്ച സംബന്ധിച്ച് അന്വേഷണം എങ്ങുമെത്തിയില്ല. അഷ്റഫും കുടുംബവും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസിച്ചുവരുന്നത്.
വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണം പൂർത്തിയാക്കി പൊലീസ് വീട് അഷ്റഫിന് കൈമാറിയെങ്കിലും താമസം തുടങ്ങിയില്ല. വളപട്ടണം മന്ന സ്വദേശി അഷ്റഫും കുടുംബവും 19 ന് തമിഴ്നാട്ടിലേക്ക് യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. തിങ്കളാഴ്ചയാണ് മോഷണ വിവരം പുറത്തറിയുന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി.
അമിത ആത്മ വിശ്വാസമാണ് ഇത്രയും വലിയ കവർച്ചയിൽ കൊണ്ടെത്തിച്ചത്. വീട് അടച്ച് പുറത്ത് പോകുന്ന ശീലം പതിവായിരുന്നെന്ന് അഷ്റഫും മകൻ അതിനാൻ അഷ്റഫും മാധ്യമത്തോട് പറഞ്ഞത്. വീട്ടിനകത്ത് ഭേദപ്പെട്ട ലോക്കർ സംവിധാനവും അടച്ചുറപ്പുള്ള വാതിലുകളുമുണ്ട്. ഈ സാഹചര്യത്തിൽ കളവു നടക്കുമെന്ന ഭയമുണ്ടായില്ല. അതുകാരണമാണ് വീട് അടച്ച് പോകുമ്പോൾ സുരക്ഷാ ജീവനക്കാരെ നിയമിക്കാത്തതും പൊലീസിൽ അറിയിക്കുകയോ ചെയ്യാതിരുന്നത്.
മകൾ അഫ്ന അഷ്റഫിന്റെ ബേഗൂരിലെ താമസ സ്ഥലത്തേക്കും ഇപ്രകാരമാണ് പോയിവന്നിരുന്നത്. അഷ്റഫിന്റെ അരി മൊത്തക്കച്ചവട സ്ഥാപനമായ അഷ്റഫ് ട്രേഡേഴ്സ് വീടിനോട് ചേർന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
അഞ്ചോളം വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ സ്ഥാപനത്തിൽ സൗകര്യമൊരുക്കിയതിനാൽ എന്തെങ്കിലും ശബ്ദം കേട്ടാൽ തൊഴിലാളികൾ അറിയുമെന്ന ആത്മവിശ്വാസമായിരുന്നു അഷ്റഫിനും കുടുംബത്തിനും. എന്നാൽ, എല്ലാവരുടെയും വിശ്വാസവും ധാരണയും തെറ്റിച്ചാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കവർച്ച നടന്നത്.
അഷ്റഫിന്റെയും ഭാര്യ ആസിമയുടെയും മകൻ അതിനാന്റെയും അരി വ്യാപാര കേന്ദ്രത്തിലെ തൊഴിലാളികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. കളവു നടത്തിയവർ വീണ്ടും രണ്ടു തവണ ഇതേ വീട്ടിൽ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടീന് അകത്തുനിന്ന് ലഭിച്ച ഉളിയും 16 കൈവിരല്‍ അടയാളങ്ങളും നിർണായകമായ തെളിവുകളാണെന്ന് പൊലീസ് പറയുന്നു.
മോഷണത്തിനുപിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്.
പൊലീസ് അന്വേഷണം തുടങ്ങി മൂന്നു നാൾ കഴിഞ്ഞിട്ടും കാര്യമായ തെളിവുകളൊന്നും ഇതേവരെ ലഭിച്ചില്ലെന്നാണ് അറിവ്. അസി. പൊലീസ് കമീഷണർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ 20 അംഗ സംഘം രൂപവത്കരിച്ചിട്ടുണ്ട്. വളപട്ടണം, കണ്ണൂർ സിറ്റി, മയ്യിൽ, ചക്കരക്കല്ല് എന്നിവിടങ്ങളിലെ സി.ഐമാരും എസ്.ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.