വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊല; വിധി റദ്ദാക്കണമെന്ന് കുടുംബം
text_fieldsതൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഇതിനായി അപ്പീൽ നൽകുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അനുമതി ലഭിച്ചാലുടൻ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.
കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. പൊലീസ് ഇക്കാര്യത്തിൽ പ്രതിക്ക് ഒപ്പം നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേസ് നീണ്ടു പോകും എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
'കേസിൽ ആനുകൂല്യം ലഭിക്കില്ലെന്ന് കത്ത് വന്നപ്പോഴാണ് വകുപ്പ് ചുമത്തിയില്ലെന്ന് അറിഞ്ഞത്. അർജുൻ പള്ളിയിൽ പോകുന്ന ആളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് അലംഭവം കാണിച്ചു. ഡിവൈ.എസ്.പിക്ക് പിന്നീട് പരാതി നൽകിയപ്പോള്‍ സി.ഐയെ സമീപിക്കാനായിരുന്നു നിർദേശം. പീരുമേട് എം.എൽ.എ യുടെ കത്തും നൽകി. എന്നാല്‍ പൊലീസ് ഇക്കാര്യത്തിൽ പ്രതിക്ക് ഒപ്പം നിന്നു.എസ്.സി എസ്.ടി ആക്ട് ഇട്ടാൽ ഡിവൈ.എസ്.പി അന്വേഷണം നടത്തണം. ഇത് ഒഴിവാക്കാനാണ് വകുപ്പ് ഇടാതിരുന്നത്' -കുട്ടിയുടെ അച്ഛൻ പറഞ്ഞു.
2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായാതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപവാസികൂടിയായ അര്‍ജുൻ പിടിയിലായി. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാൽ, പ്രതിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറഞ്ഞത്.
പറഞ്ഞത് ഒറ്റ വാചകം; വിധി 76 പേജ്
കട്ടപ്പന: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതി അർജുൻ നിരപരാധിയെന്ന് കോടതി വിധിച്ചത് ഒറ്റ വാചകത്തിൽ. പ്രതിയെ വെറുതെവിടുന്നു എന്നു മാത്രമാണ് കോടതി മുറിയിൽ ജഡ്ജി പറഞ്ഞത്. 76 പേജിലായാണ് കട്ടപ്പന അതിവേഗ കോടതി ജഡ്ജി വിധി പുറപ്പെടുവിച്ചത്. 48 സാക്ഷികളെ വിസ്തരിച്ച ശേഷമായിരുന്നു പ്രതിയെ വെറുതെവിട്ടത്.
പ്രതി അർജുനെതിരെ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, ഉൾപ്പെടെ പോക്സോ കേസിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് ചാർജ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 48 സാക്ഷികളെ വിസ്തരിക്കുകയും 69 പ്രധാനപ്പെട്ട രേഖകൾ പരിശോധിക്കുകയും 19 തെളിവുകൾ പരിശോധിക്കുകയും ചെയ്തു. ഈ തെളിവുകൾ വിലയിരുത്തിയ ശേഷമാണ് ജഡ്ജി വി. മഞ്ജു പ്രതി നിരപരാധിയെന്ന് വിധിച്ചത്. പ്രതിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിധിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.