വർക്കലയിൽ ചുമട്ടുതൊഴിലാളിയെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ
text_fieldsവർക്കല: ചുമട്ടുതൊഴിലാളിയെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ചെമ്മരുതി തച്ചോട് കുന്നുവിള റുക്സാന മൻസിലിൽ ഹമീദ് (49), തച്ചോട് പ്ലാവിള വീട്ടിൽ ദേവൻ (മുത്തു 22), നടയറ അക്കരവിള വയലരികത്തു വീട്ടിൽ ആഷിക് (22) എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മരുതി കുന്നുംപുറം കോളനിയിൽ പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തതിനാണ് വർക്കല ടൗണിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ സുൽഫീക്കറിനെ സംഘം വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹമീദിന്റെ വീട്ടിൽ സ്ഥിരമായെത്തി മറ്റ് പ്രതികളും ചേർന്ന് പരസ്യമായി മദ്യപിക്കുകയും ഇതുസംബന്ധിച്ച് അയൽവാസികളുമായി വാക്കുതർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പരസ്യമായുള്ള ലഹരി ഉപയോഗത്തിന് താക്കീത് നൽകാനാണ് സുൽഫീക്കർ ഹമീദിന്റെ വീട്ടിലെത്തിയത്. ഇതിലുള്ള പ്രതികാരമാണ്
സുൽഫീക്കറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിനകത്തു നിന്നും ഹമീദ് എടുത്തുകൊടുത്ത വാളുപയോഗിച്ചാണ് മുത്തു സുൽഫിക്കറിനെ വെട്ടി പരിക്കേൽപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ വി.ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.നിയാസ്, അയിരൂർ പോലീസ് ഇൻസ്പക്ടർ ശ്രീജേഷ്.വി.കെ,സബ് ഇൻസ്പെക്ടർ സജീവ്. ആർ, അസി. സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഇതിഹാസ്, ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയമുരുകൻ, ഷാഡോ പോലീസ് ഡാൻസഫി ടീം സബ് ഇൻസ്പെക്ടർ ബിജു, അസി.സബ് ഇൻസ്പെക്ടർ ബിജുകുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജയാക്കി റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.