പൊലീസ് കസ്റ്റഡിയിലെ വാഹനം കടത്തിയ കേസ്; രണ്ടുപേർകൂടി പിടിയിൽ
text_fieldsവളാഞ്ചേരി: അനധികൃത മണൽക്കടത്ത് കേസിൽ പൊലീസ് പിടികൂടി കസ്റ്റഡിയിൽ സൂക്ഷിച്ച വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ 17കാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ഒന്നാംപ്രതി കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി വെട്ടൻ മുസ്താഖ് റഹ്മാൻ (25), രണ്ടാം പ്രതിയായ 17കാരൻ എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി കാടാമ്പുഴ തൂവപ്പാറ സ്വദേശി വാണിയംതൊടി മുഹമ്മദ് സലീമിനെ (24) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരാൾകൂടി പിടിയിലാകാനുണ്ട്. ജനുവരി ആറിന് അനധികൃത മണൽക്കടത്തിന് വളാഞ്ചേരി പൊലീസ് പിടികൂടി വട്ടപ്പാറ പഴയ സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് വളപ്പിൽ സൂക്ഷിച്ച ലോറിയാണ് ജനുവരി 14ന് പ്രതികൾ മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സലീമിനെ പിടികൂടുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് രണ്ടുപേർകൂടി കോട്ടക്കലിൽ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കോട്ടക്കൽ ചെറുശോലയിൽ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടയിൽ ഒന്നാം പ്രതി മുസ്താഖ് റഹ്മാൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ വീണിരുന്നു. നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകിയശേഷം അറസ്റ്റ് ചെയ്തു. ഇയാളെ തിരൂർ കോടതിയിൽ ഹാജാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. തിരൂർ ഡിവൈ.എസ്.പി കെ. ബിജുവിന്റെ നേതൃത്വത്തിൽ വളാഞ്ചേരി എസ്.എച്ച്.ഒ എൻ.ആർ. സുജിത്ത്, എസ്.ഐ. അബ്ദുൽ അസീസ്, സീനിയർ സി.പി.ഒമാരായ ഹാരിസ്, മനോജ്, ഗിരീഷ്, വിനീത്, ആൻസൺ, ദീപു, അഖിൽ, സനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.