സംസ്ഥാനത്ത് ജാഗ്രത; കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കും
text_fieldsതിരുവനന്തപുരം: പാലക്കാട്ട് രണ്ടുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്തിന്‍റെ നിർദേശം. കഴിഞ്ഞദിവസത്തെ കൊലപാതകത്തിന്‍റെ സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ ജാഗ്രത നിർദേശം നൽകിയിരുന്നെങ്കിലും പ്രത്യാക്രമണത്തിൽ ഒരാൾ മരിച്ച സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിർദേശം ആഭ്യന്തരവകുപ്പിന് നൽകി. പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ഉത്തര മേഖല ഐ.ജി അശോക് യാദവ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും.
അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡി.ജി.പി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജിപി വിജയ് സാഖറെയെ പാലക്കാട്ടേക്ക് അയച്ചു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടി മേൽനോട്ടം വഹിക്കാനാണ് അദ്ദേഹത്തിന് നൽകിയ നിർദേശം. കൂടുതൽ പൊലീസുകാരെ പാലക്കാട് ജില്ലയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം റൂറലിൽനിന്ന് ഒരു കമ്പനി സേന പാലക്കാട്ടെത്തിയിട്ടുണ്ട്. തുടർഅക്രമങ്ങളുണ്ടാക്കുന്നതും പ്രകോപനപരവുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. പ്രശ്ന സാധ്യത മേഖലകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.