സഹകരണ സൊസൈറ്റിക്ക് കെട്ടിട കൈമാറ്റം: കെ.എസ്.ഇ.ബിക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsതൃശൂർ: കെ.എസ്.ഇ.ബിയുടെ ഭൂമി കൈമാറ്റം വിവാദമായിരിക്കേ ജീവനക്കാരുടെ സൊസൈറ്റിക്ക് പാലാരിവട്ടത്തെ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കാര്യാലയമടങ്ങുന്ന ഓഫിസ് കൈമാറിയതിൽ വിജിലൻസ് അന്വേഷണം. പാലാരിവട്ടത്തെ സ്ഥലമടങ്ങുന്ന രണ്ടുനില കെട്ടിടമാണ് വാടക വ്യവസ്ഥയിൽ കെ.എസ്.ഇ.ബി കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന് മാസങ്ങൾക്ക് മുമ്പേ കൈമാറിയത്. ഈ സ്ഥലത്ത് അറ്റകുറ്റപ്പണി പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കരാറിലും നടപടിക്രമങ്ങളിലും വിജിലൻസ് അന്വേഷണത്തിന് ഉത്തരവായത്. അടുത്ത ദിവസം തന്നെ വിജിലൻസിന്റെ പരിശോധന തുടങ്ങും.
പുതിയ കെ.എസ്.ഇ.ബി അഡ്മിനിസ്ട്രേറ്റിവ് സമുച്ചയത്തേക്ക് പാലാരിവട്ടം, എടപ്പിള്ളി ഇലക്ട്രിക്കൽ സെക്ഷനുകളുടെ ചുമതലയുള്ള ചീഫ് എൻജിനീയർ (വിതരണം) മാറാൻ തീരുമാനിച്ചിരിക്കെയായിരുന്നു സൊസൈറ്റിയുടെ കെട്ടിടം അനുവദിക്കാനുള്ള അപേക്ഷ കെ.എസ്.ഇ.ബി പരിഗണിച്ചത്. 55 വർഷം പഴക്കമുള്ള സൊസൈറ്റി നിലവിൽ സ്ഥലപരിമിതിയിലാണ് കഴിയുന്നതെന്ന് കാണിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബിയിൽ കാര്യമായി ചർച്ച നടന്നിരുന്നു. സ്ഥലം കെ.എസ്.ഇ.ബി തന്നെ ഉപയോഗപ്പെടുത്തണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതോടെ തീരുമാനം വിവാദമായി.
അതേസമയം, സൊസൈറ്റി സ്വന്തം കെട്ടിടത്തിനായി മൂന്ന് കോടി വകയിരുത്തിയിരുന്നു. ഈ ഘട്ടത്തിലാണ് പാലാരിവട്ടത്തെ കെട്ടിടത്തിൽനിന്ന് ഇലക്ട്രിക്കൽ വിഭാഗം ഒഴിയാൻ തീരുമാനിച്ചത്. ഒടുവിൽ 2021 ഫെബ്രുവരി 25ന് ചേർന്ന കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം കെട്ടിടം വാടകക്ക് സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. 25ലെ യോഗ തീരുമാനം പിറ്റേന്ന് തന്നെ ഉത്തരവായി കെ.എസ്.ഇ.ബി ഇറക്കുകയും ചെയ്തു. എറണാകുളം ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് മതിയായ വാടക നിശ്ചയിക്കാൻ അംഗീകാരവും നൽകി. എന്നാൽ, വാടകക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.