കെ.എം.എസ്.സി.എൽ പർച്ചേസ് ക്രമക്കേട് വിജിലൻസ് അന്വേഷണം അട്ടിമറിച്ചു
text_fieldsതിരുവനന്തപുരം: കേരള മെഡിക്കൽ സർവിസ് കോർപറേഷനിലെ (കെ.എം.എസ്.സി.എൽ ) കോവിഡ് കാല പർച്ചേസ് കൊള്ളയിൽ വിജിലൻസ് അന്വേഷണം എന്ന ആവശ്യം അട്ടിമറിച്ചു. ഇവിടെ നടന്ന കോടികളുടെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം വകവെക്കാതെയാണ് ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിനെ അന്വേഷണം ഏൽപ്പിച്ചത്.
കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിന്പിന്നിലെന്ന ആക്ഷേപം ശക്തമാണ്. കോവിഡിന്റെ മറവിൽ വലിയ പർച്ചേസ് തട്ടിപ്പ് നടന്നതിെന്റ വിവരങ്ങളാണ് പുറത്തുവന്നത്. 550 രൂപക്ക് കിട്ടുമായിരുന്നിട്ടും മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റുകൾ, പർച്ചേസ് മാനദണ്ഡങ്ങൾ അട്ടിമറിച്ച് കൂടിയ വിലയ്ക്ക് തെർമൽ സ്കാനർ, എ.സി, ഫ്രിഡ്ജ് അടക്കം ഉപകരണങ്ങൾ വാങ്ങിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇവയിൽ പലതും വാങ്ങിയത് കടലാസ് കമ്പനികളിൽ നിന്നുമായിരുന്നു.
വ്യക്തമായ തെളിവുകൾ പുറത്തുവരുകയും വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യമുയർന്നെങ്കിലും സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തത് കുറ്റക്കാരെ രക്ഷിക്കാനെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, വിഷയം കൂടുതൽ ഗുരുതരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ധനകാര്യവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിനെ അന്വേഷണമേൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പർച്ചേസിൽ ക്രമക്കേടെന്ന് ആരോപണമുയർന്ന എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദവും.
എന്നാൽ, ഇടപാടുകളിൽ സർക്കാറിനുണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥ ഇടപെടൽ, നടപടികളിലെ വീഴ്ച എന്നിവക്കപ്പുറം പോകാൻ ധനകാര്യവകുപ്പ് അന്വേഷണത്തിനാകുമോയെന്നതാണ് പ്രശ്നം. മൂന്നിരട്ടി വിലയ്ക്ക് കെ.എം.എസ്.സി.എൽ പി.പി.ഇ കിറ്റുകൾ വാങ്ങിയ കമ്പനി ആർക്കുള്ളതാണ്, ഇടപാടിൽ പുറത്തുനിന്ന് ഇടപെട്ടതാരൊക്കെ, ഫയലുകൾ മായ്ചതടക്കം അട്ടിമറിക്ക് പിന്നിലെ ബാഹ്യ ഇടപെടൽ, കടലാസ് കമ്പനികൾക്ക് പിന്നിലാര് എന്നീ ഗൗരവമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ ഈ അന്വേഷണംകൊണ്ട് സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.