വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി വീണ്ടും മാറ്റി, അറസ്റ്റ് വിലക്ക് തുടരും
text_fieldsകൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വെള്ളിയാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.
പീഡനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ഇന്ന് ഹൈകോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യൽ, തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും വിജയ് ബാബുവിന്‍റെ അഭിഭാഷകനും വ്യക്തമാക്കി.
നേരത്തേ, ഹരജി പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇക്കാലയളവിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് വിജയ് ബാബു മൊഴി നൽകിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായുണ്ടായത്. വിദേശത്തേക്ക് കടക്കാൻ ആരും സഹായിച്ചിട്ടില്ലെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ രണ്ടു തവണ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് യുവ നടിയുടെ പരാതി. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ദുബൈയിലേക്ക് കടന്നു. വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനു ശേഷം ജൂൺ ഒന്നിനാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.