വിജിഷയുടേത് വൻ സാമ്പത്തിക ഇടപാട്; ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം
text_fieldsകൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം. നഗരത്തിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജീവനക്കാരിയായ വിജിഷ 2021 ഡിസംബർ 11ന് ആണ് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത്. ഇവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസ് മാധ്യമത്തോട് പറഞ്ഞു. പലരിൽനിന്നും പണം വാങ്ങിയിട്ടുണ്ട്. ചിലർക്കെല്ലാം തിരിച്ചുനൽകി. ആദ്യം വാങ്ങിയവർക്ക് തിരിച്ചുനൽകാൻ പിന്നീട് മറ്റു ചിലരിൽനിന്ന് വാങ്ങി.
തിരിച്ചുനൽകിയവരിൽനിന്ന് പിന്നീട് കൂടുതൽ പണം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്രയും പണം എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകാനുണ്ട്.
പണം തിരിച്ചുകിട്ടാനുള്ളവരിൽ പലരും രംഗത്തുവന്നിട്ടില്ല. വിജിഷ ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ വിശദ പരിശോധനക്ക് വിധേയമാക്കും. ഇവ കോടതിയിൽ ഹാജരാക്കും.
പൊലീസ് സൈബർ സെല്ലിന്റെ പരിശോധന ആവശ്യമാണ്. ലോക്കൽ പൊലീസ് നേരത്തെ നടത്തിയ അന്വേഷണത്തിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 88 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നതായി തെളിഞ്ഞിരുന്നു. ബിരുദധാരിയാണ് വിജിഷ. നാട്ടിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.