നിയമലംഘനം, 36 ബസുകൾ പിടികൂടി; 32,750 രൂപ പിഴ ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിൽ
text_fieldsആലപ്പുഴ: ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 36 എണ്ണത്തിൽ അപാകത കണ്ടെത്തി. 32,750 രൂപ പിഴ ചുമത്തി. വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആർ.ടി.ഒ സജി പ്രസാദിന്റെ നേതൃത്വത്തിൽ വിവിധസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ചേർത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് ഓഫിസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആലപ്പുഴ -21, കായംകുളം -ആറ്, ചെങ്ങന്നൂർ -അഞ്ച്, മാവേലിക്കര -മൂന്ന്, കുട്ടനാട് -ഒന്ന് എന്നിങ്ങനെയാണ് വാഹനങ്ങൾ പിടികൂടിയത്. ആലപ്പുഴയിൽനിന്ന് പിടികൂടിയ വാഹനങ്ങൾക്ക് 25,500 രൂപയും കായംകുളത്തുനിന്ന് 2250 രൂപയും ചെങ്ങന്നൂർ 5000 രൂപയും പിഴചുമത്തി.
ബസുകളുടെ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. അധികമായി ലൈറ്റുകൾ ഘടിപ്പിച്ചും അമിതശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, എയർഹോൺ എന്നിവ ഫിറ്റ് ചെയ്ത നിരവധി വാഹനങ്ങൾ കണ്ടെത്തി. വാഹനങ്ങൾ അപാകത പരിഹരിച്ച് ബന്ധപ്പെട്ട ആർ.ടി ഓഫിസുകളിൽ ഹാജരാക്കുന്നതിന് നിർദേശം നൽകി. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ യാത്രക്കാർക്ക് തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു പരിശോധന. എം.വി.ഐ ടി.ജി. വേണു, എ.എം.വിമാരായ പ്രേംജിത്ത്, ദിനൂപ്, ഷിബുകുമാർ, രഞ്ജിത്, അനൂപ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.