കുട്ടികൾക്കെതിരായ അതിക്രമം; അഞ്ചുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 22,344 കേസ്
text_fieldsകൊച്ചി: കുരുന്നു ജീവനുകൾ കവർന്നെടുത്തതടക്കം കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 22,344 കേസ്. ഇതിൽ പകുതിയോളം കേസുകൾ വിചാരണ കാത്ത് കിടക്കുകയാണ്. അതിൽതന്നെ പോക്സോ നിയമം സെക്ഷൻ നാലും ആറും പ്രകാരമുള്ള അതിക്രൂരകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത 7005 കേസുകളാണ് മുൻഗണന ക്രമത്തിൽ പരിഗണിക്കുന്നത്. ശേഷിച്ചവയിൽ കുറ്റപത്രവും വിചാരണയും ഇഴയുകയാണ്. 2019ൽ ആകെ രജിസ്റ്റർ ചെയ്തത് 4754 കേസുകളാണ്. അതിൽ 1262 എണ്ണം ലൈംഗികാതിക്രമ കേസുകളാണ്. 2020ൽ 1243 പോക്സോ കേസുകളുൾപ്പെടെ 3941 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് ലോക്ഡൗൺ കാലത്ത് അതിക്രമങ്ങളുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും തുടർന്ന് വീണ്ടും കേസുകൾ കൂടി. 1568 പോക്സോ കേസുകളും 2968 മറ്റ് കേസുകളുമുൾപ്പെടെ 4536 കേസുകളാണ് 2021ൽ റിപ്പോർട്ട് ചെയ്തത്.
2022ലും കുട്ടികളോടുള്ള ക്രൂരതകളുടെ പേരിൽ എടുത്ത കേസുകൾ വർധിക്കുകയായിരുന്നു. 5315 കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1677 എണ്ണം ലൈംഗികാതിക്രമത്തിന് ചാർജ് ചെയ്ത കേസാണ്. 1255 പോക്സോ കേസുകളടക്കം സെപ്റ്റംബർവരെ ഈ വർഷം എടുത്ത കുട്ടികൾക്കെതിരായ അതിക്രമ കേസുകൾ 3798 എണ്ണമാണ്. പൊലീസ് കുറ്റപത്രം സമർപ്പിക്കാത്ത കേസുകളേക്കാൾ അഞ്ചിരട്ടിയെങ്കിലും അധികമാണ് വിചാരണ കാത്തുകിടക്കുന്നത്. കേസുകളുടെ ബാഹുല്യമാണ് പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.