വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം; ചൈനയിൽ അധ്യാപികക്ക് സസ്പെൻഷൻ
text_fieldsബീജിങ്: ചൈനയിലെ പ്രൈമറി സ്കൂൾ അധ്യാപിക രണ്ട് വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വൈറലായ സംഭവത്തിന്‍റെ വിഡിയോയിൽ അധ്യാപിക ഒരു പെൺകുട്ടിയുടെ തല മേശപ്പുറത്ത് അടിക്കുന്നതും തുടർന്ന് ഓഫിസിൽ വെച്ച് ഒരു ആൺകുട്ടിയുടെ മുഖത്ത് അടിക്കുന്നുമുണ്ട്. അധ്യാപിക പെൺകുട്ടിയുടെ മുഖത്ത് നുള്ളുകയും മുടി വലിക്കുകയും തുടർന്ന് മേശയിൽ തലയിടിക്കുകയും, ആൺകുട്ടിയുടെ മുഖത്തേക്ക് പാഠപുസ്തകം എറിയുന്നതുമൊക്കെ വിഡിയോയിൽ വ്യക്തമാണ്.
ഇത് ചൈനയിൽ വ്യാപകമായ ജനരോഷത്തിന് കാരണമായി. പൊലീസും വിദ്യാഭ്യാസ ബ്യൂറോയും കേസ് അന്വേഷിക്കുന്നതിനിടെ തന്നെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തെങ്കിലും ജനങ്ങൾ പലയിടത്തും പ്രതിക്ഷേധവുമായി രംഗത്തുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകുമെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
അദ്ധ്യാപകർ വിദ്യാർഥികളെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ ചൈനയിൽ വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം സ്‌കൂൾ അധ്യാപികയുടെ മർദനമേറ്റ് ഒമ്പത് വയസുകാരിയുടെ തലയോട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. 1986 മുതൽ സ്‌കൂളുകളിൽ ശാരീരിക പീഡനത്തിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടും ചൈനയിൽ ഇപ്പോഴും അധ്യാപകർ വിദ്യാർഥികളെ ദേഹോപദ്രവം ചെയ്യുന്ന പ്രവണത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.