യുവാക്കൾക്ക് മർദനം: ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പുതുവത്സരത്തലേന്ന് പരസ്യമായി മദ്യപിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളുടെ ശരീരത്തിൽ കണ്ട മർദനത്തിന്‍റെ പാടുകൾ പൊലീസ് സ്റ്റേഷനിൽനിന്ന് സംഭവിച്ചതല്ലെന്ന പൊലീസ് വിശദീകരണത്തിന്‍റെ നിജസ്ഥിതി പരിശോധിക്കാൻ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും സീനിയർ സിവിൽ പൊലീസ് ഓഫിസറും ചേർന്ന് മർദിച്ചെന്ന യുവാക്കളുടെ പരാതിയും ആരോപണം വാസ്തവവിരുദ്ധമാണെന്ന പൊലീസിന്‍റെ മറുപടിയുമാണ് അന്വേഷിക്കേണ്ടത്. ആറ്റിങ്ങൽ സബ് ഡിവിഷന്‍റെ പരിധിയിൽ വരാത്ത ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
വക്കം വെളിവിളാകം സ്വദേശി ശബരിയുടെ പരാതിയിലാണ് നടപടി. 2019 ഡിസംബർ 31 നായിരുന്നു സംഭവം. പുതുവത്സരത്തലേന്ന് പരാതിക്കാർ വീട്ടിലേക്ക് പോകുമ്പോൾ 15 പേർ ചേർന്ന് തങ്ങളെ വയലിക്കടക്ക് സമീപം മർദിച്ചതായി പരാതിയിൽ പറയുന്നു. അവിടെയെത്തിയ ചിറയിൻകീഴ് പൊലീസിനോട് വിവരം പറഞ്ഞപ്പോൾ തങ്ങളെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദിച്ചതായി പരാതിയിൽ പറയുന്നു.
ആഹാര പാനീയങ്ങൾ നൽകാതെ മണിക്കൂറുകളോളം നിർത്തുകയും മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു. മദ്യപിക്കാത്ത തനിക്കെതിരെ അബ്കാരി ചട്ടപ്രകാരം കേസെടുത്തെന്നും പരാതിക്കാരൻ അറിയിച്ചു. എന്നാൽ, പരസ്യമായി മദ്യപിച്ചതിനാണ് പരാതിക്കാരനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തതെന്നും സ്റ്റേഷനിലെത്തുമ്പോൾ ശരീരത്തിൽ മർദനത്തിന്‍റെ പാടുണ്ടായിരുന്നെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് വിശ്വാസയോഗ്യമാകാത്തതിനെ തുടർന്ന് കമീഷന്‍റെ അന്വേഷണവിഭാഗം ഇൻസ്പെക്ടർ അന്വേഷണം നടത്തി. മർദനമേറ്റത് എവിടെ നിന്നാണെന്ന കാര്യത്തിൽ സി.ഐയും സംശയം പ്രകടിപ്പിച്ചു.
കസ്റ്റഡിയിലെടുത്ത സമയത്തുതന്നെ പരാതിക്കാരനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ എവിടെനിന്നാണ് മർദനമേറ്റതെന്ന വിവരം കൃത്യമായി മനസ്സിലാക്കാൻ കഴിയുമായിരുന്നെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. പുതിയ അന്വേഷണത്തിൽ എല്ലാ കക്ഷികളുടെയും മൊഴിയെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണം.
അന്വേഷണം സത്യസന്ധമായും നിഷ്പക്ഷവുമാകണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ മേയ് 31 നകം അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.