കവർച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ച പ്രതിക്ക് 20 വർഷം കഠിന തടവ്
text_fieldsതൊടുപുഴ: കവർച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും 20,000 രൂപ പിഴയും. കൊന്നത്തടി മുക്കടംകരയിൽ വലിയമുറിക്കൽ വീട്ടിൽ ഒട്ടകം എന്ന പ്രസന്നനെയാണ് (41) തൊടുപുഴ മൂന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം.
2021 ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം. ബൈസൺവാലി എല്ലക്കൽ ചകിണിയാന്തടത്തിൽ പരേതനായ തോമസിന്‍റെ ഭാര്യ ചിന്നമ്മക്ക് നേരെയായിരുന്നു ആക്രമണം. ഇവർ തൊടുപുഴ ഭാഗങ്ങളിൽ വീട്ടുവേല ചെയ്യുകയും ഇടക്ക് വീട്ടിൽവന്ന് താമസിക്കുകയുമായിരുന്നു പതിവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചിന്നമ്മ വീട്ടിൽ വന്ന സമയത്താണ് സംഭവം. ചിന്നമ്മയുടെ മകനും മരുമകൾക്കുമൊപ്പം വീട്ടിലെത്തിയ പ്രതി ഒരുദിവസം അവിടെ താമസിച്ചു. പിറ്റേദിവസം മൂന്നുപേരും ഒരുമിച്ച് അടിമാലിയിലേക്ക് തിരിച്ചു. ഇതിനിടെ ചിന്നമ്മ മാത്രമാണ് വീട്ടിലുള്ളതെന്ന് മനസ്സിലാക്കിയ പ്രസന്നൻ ആനച്ചാൽ ഭാഗത്ത് എത്തിയപ്പോൾ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് അവിടെ ഇറങ്ങി. തുടർന്ന് സുഹൃത്തും ഭാര്യയും അടിമാലിക്ക് പോയ ശേഷം ഓട്ടോ വിളിച്ച് ചിന്നമ്മയുടെ വീട്ടിലെത്തി. മകനെയും ഭാര്യയെയും പൊലീസ് പിടിച്ചെന്നും പുറത്തിറക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രസന്നൻ ചിന്നമ്മയെ അടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. തുടർന്ന്, അവരുടെ കൈകാലുകൾ ബന്ധിച്ച ശേഷം സ്വർണാഭരണങ്ങൾ ഊരിയെടുത്തു. എതിർത്ത ചിന്നമ്മയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മൊബൈൽ ഫോണും മോഷ്ടിച്ചാണ് പ്രതി കടന്നത്. ഏറെ നേരത്തേ പരിശ്രമത്തിന് ശേഷം കെട്ട് സ്വയം അഴിച്ച് ചിന്നമ്മ അയൽവീട്ടിലെത്തി വിവരം പറയുകയായിരുന്നു.
ഇയാൾ അടിമാലി, വെള്ളത്തൂവൽ മേഖലകളിൽ സമാനമായ പല കുറ്റകൃത്യങ്ങളിലും പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.