വീണ്ടും ‘വെർച്വൽ അറസ്റ്റ്’;കോഴിക്കോട് സ്വദേശി അറസ്റ്റില്‍
text_fieldsചെറുവത്തൂർ (കാസർകോട്): വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് നാലു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സി.ബി.ഐ കേസുണ്ടെന്ന് വിശ്വസിപ്പിച്ച് കാസർകോട് സ്വദേശിയിൽനിന്ന് 4,13,000 രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ബേപ്പൂര്‍ പുണാര് വളപ്പ് സല്മാന് ഫാരിസിനെയാണ് (27) ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് തിമിരി വലിയപൊയില്‍ എന്‍. മുഹമ്മദ് ജാസറിന്റെ (26) പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്നുള്ള പണം മഹാരാഷ്ട്രയിലുള്ള ബാങ്കിലേക്കാണ് പോയതെന്ന് കണ്ടെത്തിയിരുന്നു. ഈ പണം പിന്നീട് സല്മാന് ഫാരിസിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്ന് മനസ്സിലാക്കിയാണ് ഇയാളെ ബേപ്പൂരില്‍നിന്ന് ചീമേനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാര്‍, ഉദ്യോഗസ്ഥനായ സി.വി. ഷിജു, പി. സുജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. സല്മാന് ഫാരിസിന്റെ പേരിൽ വേറെയും കേസുകളുണ്ടെന്ന് സംശയമുണ്ട്.
2024 ഫെബ്രുവരി 17ന് ഉച്ചക്ക് 12ഓടെ മുഹമ്മദ് ജാസറിന് കമ്പ്യൂട്ടര്‍ കാള്‍ വരുകയും താങ്കളുടെ സിം കാർഡ് രണ്ട് മണിക്കൂറിനുള്ളില്‍ നിഷ്ക്രിയമാകുമെന്നും കൂടുതല്‍ വിവരം അറിയാന്‍ ഒന്ന് അമര്‍ത്തി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്നും ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു. നിങ്ങളുടെ ഐഡിയിലുള്ള സിമ്മില്‍നിന്ന് ഫ്രോഡ് കാളുകളും ഫ്രോഡ് മെസേജുകളും പോകുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട് മുംബൈ അന്ധേരി വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ടെന്നും കസ്റ്റമര്‍ കെയറിൽ നിന്ന് അറിയിച്ചു. തന്റെ പേരില്‍ അങ്ങനെയൊരു നമ്പറില്ലെന്ന് പറഞ്ഞപ്പോള്‍ മുഹമ്മദ് ജാസറിന്റെ യഥാർഥ ആധാര്‍ നമ്പര്‍ പറഞ്ഞ്, ഈ ഐ.ഡി വെച്ചാണ് ആ നമ്പര്‍ എടുത്തിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങളറിയണമെങ്കില്‍ നിങ്ങള്‍ മുംബൈ അന്ധേരി വെസ്റ്റ് പൊലീസ് സ്റ്റേഷനുമായി 7005278836 നമ്പറില്‍ ബന്ധപ്പെടാനും പറഞ്ഞു. കൃത്യമായ തന്റെ ആധാര്‍ നമ്പര്‍ പറഞ്ഞതിനെ തുടർന്ന് സംശയം തോന്നാതിരുന്ന ജാസർ അപ്പോള്‍തന്നെ അവര്‍ നൽകിയ നമ്പറില്‍ വിളിച്ചു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ആരെങ്കിലും സിം എടുത്തതായിരിക്കാമെന്നും അതിൽ നിന്നാണ് ഫ്രോഡ് കാളുകൾ പോയതെന്നും അറിയിച്ചു.
ഒരുവര്‍ഷം മുമ്പ് ബിസിനസ് ആവശ്യത്തിന് മുംബൈയില്‍ ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ തിരിച്ചറിയൽ രേഖയായി ആധാര്‍ കാര്‍ഡ് നൽകിയിരുന്നതിനാൽ ജാസറിന് സംശയം തോന്നിയില്ല. ശേഷം മുംബൈയിലെ എച്ച്.ഡി.എഫ്.സി ബ്രാഞ്ചില്‍ നടന്ന 12 കോടി രൂപയുടെ തട്ടിപ്പില്‍ താങ്കളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും ഇതിലെ സി.ബി.ഐ കേസിൽ വെർച്വൽ അറസ്റ്റിലാണെന്നും അറിയിക്കുകയായിരുന്നു. പൊലീസ് യൂനിഫോമിലുള്ള ഒരാള്‍ വിഡിയോകാളില്‍ എത്തിയാണ് ജാസറിനെ ‘വെൽച്വൽ അറസ്റ്റി’ലാക്കിയത്. പിന്നീട് ഇവർ നൽകിയ നിർദേശപ്രകാരം പണം അയച്ചുകൊടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.