വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
text_fieldsപോത്തൻകോട്: വിവിധ ജില്ലകളിൽ നിന്നും നിരവധിപേർക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ മംഗലപുരം െപാലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മുദാക്കൽ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ രതീഷ് (40) ആണ് പിടിയിലായത്.
ഇടുക്കി സ്വദേശി അൽ അമീൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മംഗലപുരം െപാലീസിൽ മാത്രം 32 പരാതികളാണ് ലഭിച്ചത്. വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകക്ക് താമസിച്ച ഇയാൾ അബൂദബിയടക്കമുള്ള എയർപോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്യുകയാണ് പതിവ്. പ്രവാസികളാണ് കൂടുതലും ഇരയാക്കപ്പെട്ടത്.
വാട്സ്ആപ് ഗ്രൂപ്പുകളിൽ മെസേജ് ഇട്ട ശേഷം വിസക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും വ്യാജ ഓഫറും കാണിച്ച് പറ്റിക്കും. മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് എഴുതി ബാങ്ക് വഴി പണം തട്ടിയ ശേഷം താമസം മാറിപ്പോവുകയാണ് പ്രതിയുടെ രീതി. 30,000 മുതൽ 1.50 ലക്ഷം വരെയാണ് പലരിൽ നിന്ന് വാങ്ങിയത്.
തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ തട്ടിപ്പ് നടന്നിട്ടുള്ളത്. പ്രതിയുടെ പേരിൽ ആറ്റിങ്ങൽ െപാലീസ് സ്റ്റേഷനിൽ കള്ളനോട്ട് കേസ് നിലവിലുണ്ട്.
പന്തളം എന്ന സ്ഥലത്ത് ഡോക്ടറുടെ വീട് വാടകക്കെടുത്ത് ഒളിവിൽ താമസിച്ചുവരുന്നതായി റൂറൽ ജില്ല െപാലീസ് സൂപ്രണ്ട് ടി. ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനോയിയുടെ നിർദേശാനുസരണം മംഗലപുരം എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ, എസ്.ഐമാരായ ജയൻ, ഫ്രാങ്ക്ളിൻ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.