വിഷ്ണു വധക്കേസ്: മൂന്നുപേർ പിടിയിൽ
text_fieldsചിറയിൻകീഴ്: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ആനത്തലവട്ടം വയലിൽക്കട ജങ്ഷന് സമീപം അനന്തൻതിട്ടവീട്ടിൽ അച്ചു എന്ന അരുൺ സുധാകർ (31), ചിറയിൻകീഴ് കൂട്ടുംവാതുക്കൽ ശിവൻകോവിലിന് സമീപം മോളി ഭവനിൽ അനൂപ് എന്ന അനൂപ് ശശി (40) എന്നിവരെയും ഓട്ടോ ജയൻ ഉൾപ്പടെയുള്ള മൂന്ന് പ്രതികളേയും ഒളിവിൽ താമസിപ്പിച്ച് സഹായം ചെയ്ത കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ശാസ്താംനട ക്ഷേത്രത്തിന് സമീപം വിളയിൽവീട്ടിൽ വെള്ളയപ്പം എന്ന രാജേഷിനെയുമാണ് (50) കടയ്ക്കാവൂർ ഭാഗത്തുനിന്ന് ചിറയിൻകീഴ് പൊലീസ് പിടികൂടിയത്.
കടയ്ക്കാവൂർ ദേവരുനടക്ഷേത്രത്തിന് സമീപം തുണ്ടത്തിൽവീട്ടിൽ വിഷ്ണുപ്രകാശിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒന്നാം പ്രതി ഓട്ടോ ജയൻ ഒളിവിലാണ്.
ജയനോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാലിന്റെ നിർദേശാനുസരണം ചിറയിൻകീഴ് ഇൻസ്പെക്ടർ വിനീഷ് വി.എസിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെയും ഡാൻസാഫ് ടീമിലെയും പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആട്ടോ ജയനുവേണ്ടി പോലീസ് നാടെങ്ങും അരിച്ചുപെറുക്കുകയാണ്. ഇയാൾ ചിറയിൻകീഴിൽ കായലോര മേഖലകളിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.