'14 വർഷമല്ലേ ശിക്ഷ, 39ാം വയസ്സിൽ പുറത്തിറങ്ങും'; ഭാവഭേദമില്ലാതെ കൊലയാളി
text_fieldsകണ്ണൂർ: കൊലപാതകത്തിന് 14 വർഷത്തെ ശിക്ഷയാണെന്ന് തനിക്കറിയാമെന്ന് പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത്. ചോദ്യംചെയ്യലിനിടെ പൊലീസിനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. '14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്' എന്നായിരുന്നു പ്രതിയുടെ വാക്കുകൾ.
പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ തലയറുത്തെടുക്കാനായിരുന്നു ശ്യാംജിത്തിന്‍റെ പദ്ധതി. ഇതിനായി ഓൺലൈനായി വുഡ് കട്ടർ വാങ്ങുകയും ചെയ്തു. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്‍റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.
വിഷ്‌ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിർമിച്ചതാണെന്നും തെളിവെടുപ്പിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണ്. ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരിൽ നിന്നാണെന്നും പൊലീസ് പറയുന്നു.
സീരിയൽ കില്ലർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകൾ തനിക്ക് പ്രചോദനമായെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊന്നതിന് ശേഷം അവളുടെ സുഹൃത്തിനെയും കൊല്ലാനായിരുന്നു പദ്ധതി. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ധരിച്ചതാണ് പ്രതിയെ കൊലപാതകത്തിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.