സൈലന്റ് വാലിയിലെ വാച്ചറുടെ തിരോധാനം: മാവോവാദികൾ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം
text_fieldsഅഗളി: സൈലന്റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജന്റെ തിരോധാനം അഗളി ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലെ 12 അംഗ പ്രത്യേകസംഘം അന്വേഷിക്കും. രാജനെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടും. വനം വകുപ്പ് തിരച്ചിലിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഞായറാഴ്ചയും വനം വകുപ്പ് തിരച്ചിൽ തുടർന്നു. രാജനെ കാണാതായിട്ട് തിങ്കളാഴ്ച 13 ദിവസമായി. വനം വകുപ്പ് കാടുകളിൽ സജ്ജീകരിച്ച എഴുപതോളം കാമറകൾ പൊലീസ് പരിശോധിച്ചു. ഇതിലൊന്നും രാജനെക്കുറിച്ച ഒരുസൂചനയും കിട്ടിയില്ലെന്ന് അഗളി ഡിവൈ.എസ്.പി പറഞ്ഞു. കടുവ, പുലി എന്നിവയുടെ സാന്നിധ്യവും രാജന്റെ തിരോധാനശേഷം സ്ഥിരീകരിച്ചിട്ടില്ല. വന്യജീവി ആക്രമണം ഉണ്ടായിട്ടില്ലെന്ന വനം വകുപ്പ് നിഗമനം പൊലീസും ശരിവെക്കുന്നു. മാവോവാദികൾ വഴികാട്ടാൻ രാജനെ കൊണ്ടുപോയതാകാമെന്നും നിഗമനമുണ്ടെങ്കിലും ഇതിന് തെളിവൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
രാജനുമായി അടുത്തബന്ധമുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. അതിനിടെ, നീലഗിരി ജില്ലയിലെ, സൈലന്റ് വാലിയോട് അതിർത്തി പങ്കിടുന്ന മുക്കുറുത്തി നാഷനൽ പാർക്കിൽ രാജനുവേണ്ടി തമിഴ്നാട് വനം വകുപ്പ് തിരച്ചിൽ തുടങ്ങി. അവിടുത്തെ കാട്ടിലെ കാമറദൃശ്യങ്ങൾ കേരള പൊലീസ് പരിശോധിക്കും. അടുത്ത ദിവസം രാജനുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് അറിയിച്ചു. ജൂൺ 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്. കഴിഞ്ഞ മൂന്നിന് രാത്രി ഒമ്പതിന് ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് ഷെഡിലേക്ക് നടന്നുപോയതാണ്. പിറ്റേന്ന് രാവിലെയാണ് കാണാനില്ലെന്ന വിവരം സഹപ്രവർത്തകർ തിരിച്ചറിയുന്നത്. ക്യാമ്പിന്റെ അടുത്തുനിന്ന് രാജന്റെ ഉടുമുണ്ടും ടോർച്ചും ചെരിപ്പും കണ്ടെടുത്തു. സാധാരണ വന്യമൃഗങ്ങൾ ആക്രമിച്ചാൽ പരമാവധി ഒരു കി.മീറ്ററിനുള്ളിൽ തെളിവുകൾ കിട്ടുമെന്ന് അധികൃതർ പറയുന്നു. ഒരു കി.മീറ്ററിനപ്പുറവും അരിച്ചുപെറുക്കി തിരഞ്ഞിട്ടും ഒരുസൂചനയും കിട്ടിയിട്ടില്ല. മുണ്ടും ടോർച്ചും ചെരിപ്പും ഉപയോഗിച്ചിരുന്ന മരുന്നുകളും വഴിയിൽനിന്ന് കിട്ടിയെങ്കിലും ധരിച്ച ഷർട്ട് കിട്ടിയിട്ടില്ല.
മാവോവാദികൾ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം
അഗളി: രാജനെ മാവോവാദികൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്ന് കുടുംബം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്ന് മകളും സഹോദരിയും പറയുന്നു. മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനഃപാഠമാണെന്ന് കുടുംബം പറയുന്നു. മാവോവാദികൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോയെന്നും അന്വേഷിക്കണമെന്നാണ് കുടുംബം പറയുന്നത്. ജൂൺ 11ൽ നടക്കുന്ന മകളുടെ വിവാഹത്തിനുമുമ്പേ രാജനെ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മനുഷ്യാവകാശ കമീഷന് പരാതി നൽകാനും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.