പെരുമ്പാവൂര്‍ ടൗണില്‍ വാട്ടര്‍ മീറ്റർ മോഷണം വ്യാപകം
text_fieldsപെരുമ്പാവൂര്‍: ടൗണില്‍ വാട്ടര്‍ മീറ്ററുകള്‍ മോഷണം പോകുന്നത് വ്യാപകമാകുന്നതായി പരാതി. ഒരു മാസത്തിനിടെ 12ഓളം മീറ്ററുകള്‍ മോഷണം പോയതായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. പുതിയ മീറ്ററുകള്‍ക്ക് ദിനംപ്രതി അപേക്ഷകര്‍ എത്തുന്നതോടെയാണ് മോഷണവിവരം പുറത്തുവരുന്നത്. കൂടുതല്‍ മോഷണം നടന്നിരിക്കുന്നത് പൊലീസ് സ്റ്റേഷന് പരിസരത്താണ്. തിങ്കളാഴ്ച രാത്രി പി.പി റോഡിലെ ബാബാസ് ബേക്കറിയിലെയും ലക്കി തിയറ്ററിന് സമീപത്തെ കടയിലും ഒമ്പതുമുറിയിലെ കഞ്ഞിക്കടയിലെയും മീറ്ററുകള്‍ മോഷ്ടിച്ചു.
രണ്ടാഴ്ച മുമ്പ് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപത്തെ ആറോളം കടകളിലെ മീറ്ററുകള്‍ മോഷണം പോയി. മാസങ്ങള്‍ക്കുമുമ്പ് പോസ്റ്റ് ഓഫിസിന് മുന്നിലെ കെട്ടിടത്തിലെയും മീറ്റര്‍ കവര്‍ന്നു. പരാതികള്‍ വ്യാപകമായതോടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ആളെ തിരിച്ചറിയാനാകുന്നില്ലെന്നാണ് വിവരം. അന്തര്‍ സംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് ഹോട്ടലുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളിലെ മീറ്ററുകള്‍ മോഷണം പോകുന്നത് കച്ചവടത്തെ സാരമായി ബാധിക്കുന്നു. പൈപ്പ് മുറിക്കുന്നതോടെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് പ്രതിസന്ധിയാണ്. പുതിയ മീറ്ററിന് ജല അതോറിറ്റിയില്‍ 1400 രൂപ നല്‍കണം.
ഇതിനുപുറമെ, ഫിറ്റിങ് ചാര്‍ജ് വരും. രാത്രി പൊലീസിന്റെ പരിശോധന ഇല്ലാത്തതാണ് മോഷണം പെരുകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.
പകല്‍ നഗരത്തിൽ ആക്രി ശേഖരിക്കുന്നവർ ഉൾപ്പെടെയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നതിനാല്‍ പൊലീസിന് ഇവരെ പിടികൂടുക എളുപ്പമല്ല. മോഷണമുതൽ ഒതുക്കുന്ന ചില ആക്രിക്കച്ചവടക്കാരാണ് ഇവരിൽനിന്ന് ഇത് വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.
ഒമ്പതുമുറിയില് രാത്രി മയക്കുമരുന്ന് കച്ചവടക്കാരും സാമൂഹികവിരുദ്ധരും തമ്പടിക്കുന്നുണ്ട്. ഈ ഭാഗത്ത് മോഷണം വ്യാപകമാണെന്ന് നേരത്തേ മുതല്‍ പരാതിയുണ്ട്. ഇരുട്ടായാല്‍ ഇവിടം വിജനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.