റിട്ട. ഉദ്യോഗസ്ഥനില്‍നിന്ന് 28 ലക്ഷം തട്ടിയ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പേരൂര്‍ക്കട സ്വദേശിയായ റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനില്‍നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ പിടിയിൽ. പശ്ചിമ ബംഗാള്‍ പരഗനാസ് സ്വദേശി ശങ്കര്‍ ദാലിയെയാണ് (29) കൊല്‍ക്കത്തയില്‍നിന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
റിട്ട. ഉദ്യോഗസ്ഥനുമായി വാട്സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച്, കേരളത്തിൽ ബിസിനസ് തുടങ്ങാന്‍ താൽപര്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 16 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ 2.2 കോടി ഡോളര്‍ അയക്കുമെന്നും അത് നാട്ടിലെത്തുമ്പോള്‍ 40 ശതമാനം കമീഷന് നല്‍കാമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഡോളര്‍ അടങ്ങിയ പാര്‍സല്‍ എത്തിയെന്നും കസ്റ്റംസ് ഡ്യൂട്ടിയും ജി.എസ്.ടിയും അടക്കണമെന്നും അല്ലാത്തപക്ഷം ഡോളര്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുമെന്നും പറഞ്ഞ് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 27.34 ലക്ഷം രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു.
സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ ക്രൈം സ്റ്റേഷന് എസ്.എച്ച്.ഒ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാംലാലിെൻറ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ്കുമാര്‍ പി.ബി, സബ് ഇന്‍സ്പെക്ടര്‍ ബിജുലാല്‍ കെ.എന്‍, സൈബര്‍ ക്രൈം സ്റ്റേഷന് സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജേഷ്, ആദര്‍ശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊല്‍ക്കത്ത പർണശ്രീയില്നിന്ന് അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് ഡെബിറ്റ് കാര്‍ഡുകള്‍, പാസ്ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.