പ്രവീൺ റാണയുടെ സ്വത്തെവിടെ...?, ബിസിനസ് പങ്കാളിയെ ഉടൻ കസ്റ്റഡിയിലെടുക്കും
text_fieldsതൃശൂർ: നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയുടെ സ്വത്തുവകകൾ എവിടെയെന്നത് ദുരൂഹം. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ 77.5 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഉണ്ടെന്നാണ് കമീഷന് സത്യവാങ്മൂലം നൽകിയിരുന്നത്. തൃശൂരിലെ എച്ച്.ഡി.എഫ്.സി ബാങ്കിൽ 23 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 41.6 ലക്ഷത്തിന്റെ ബെൻസ് കാർ, പാറമേക്കാവ്, കാനാടി, ഗുരുവായൂർ വില്ലേജുകളിൽ ഭൂമി എന്നിവയാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അറസ്റ്റിനെ തുടർന്നുള്ള പൊലീസ് ചോദ്യം ചെയ്യലിൽ പാലക്കാട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് പ്രവീൺ അറിയിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ, വയനാട് മണ്ഡലങ്ങളിൽ ഒരുമിച്ചാണ് കെ.പി. പ്രവീൺ എന്ന പ്രവീൺ റാണ മത്സരിച്ചിരുന്നത്. 26 ലക്ഷത്തിന്റെ കാർ ലോൺ മാത്രമാണ് സത്യവാങ്മൂലത്തിൽ അന്ന് ബാധ്യത രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തിൽ റാണ ഒരു വഞ്ചനാക്കേസിലും പ്രതിയായിരുന്നു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ തന്നെയായിരുന്നു അന്നത്തെ കേസും രജിസ്റ്റർ ചെയ്തത്.
തട്ടിച്ചുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്തുവെന്ന് കണ്ടെത്താൻ കൂടുതൽ മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 11 കമ്പനികളിലൂടെയായിരുന്നു പ്രവീണിന്റെ ബിസിനസ്. സ്ഥാപനം പൊട്ടിയതോടെ മൂന്ന് മാസത്തിനുള്ളിൽ 61 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
ധൂർത്ത് അതിദരിദ്രനാക്കിയെന്നും കൈവശം 1000 രൂപ മാത്രമേയുള്ളുവെന്നുമാണ് അറസ്റ്റിന് പിന്നാലെ റാണ പൊലീസിന് നൽകിയ മൊഴി. ഒളിവിൽ കഴിഞ്ഞ സമയത്ത് പണത്തിനായി മോതിരം വിറ്റ് 75,000 രൂപ സ്വരൂപിച്ചെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം ആസൂത്രിതമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കൊച്ചിയിലെ വിവാദ ഡാൻഡ് ബാറുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ബിസിനസ് പങ്കാളി കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് ഉൾപ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നൽകും. 16 കോടിയോളം രൂപ ഷൗക്കത്തിന് കൈമാറിയതായി പ്രവീൺ മൊഴി നൽകിയിട്ടുണ്ട്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചനാക്കുറ്റവുമാണ് പ്രവീണിനെതിരെ ചുമത്തിയിട്ടുള്ളത്.
കസ്റ്റഡി അപേക്ഷ ഇന്ന് നൽകും
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രവീൺ റാണയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ശനിയാഴ്ച തന്നെ അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനം.
തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ തെളിവുകളുണ്ടാക്കാനാണ് ശ്രമം. പ്രവീൺ റാണയിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളിലെയും ബാങ്ക് അക്കൗണ്ടുകളിലെ പരിശോധന വിവരങ്ങളും ഇതിനകം ലഭിക്കും.
സേഫ് ആൻഡ് സ്ട്രോങിന് ലൈസൻസില്ല -പൊലീസ്
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണ (വെളുത്തൂർ കൈപ്പിള്ളി കെ.പി. പ്രവീൺ -37) സ്ഥാപനം നടത്തിയത് യാതൊരു ലൈസൻസും ഇല്ലാതെയായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്.
തൃശൂർ സ്വദേശി ഹണി തോമസിന്റെ പരാതിയിലാണ് റാണയുടെ ഇപ്പോഴത്തെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ സമയത്ത് തന്നെ റാണയുടെ ജാമ്യാപേക്ഷയും എത്തിയെങ്കിലും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് റിമാൻഡ് ചെയ്യുകയായിരുന്നു.
100 കോടിയോളം രൂപ സമാഹരിച്ച് പബുകളിലും സ്പാകളിലും ആർഭാട വാഹനങ്ങൾക്കായും സിനിമ നിർമാണത്തിനും മറ്റും ഉപയോഗിച്ചതായി റാണ മൊഴി നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രോസിക്യൂഷൻ റിപ്പോർട്ടിൽ 100 കോടി; കമീഷണറുടെ കണക്കിൽ രണ്ടുകോടി
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിന് അറസ്റ്റിലായ പ്രവീൺ റാണ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുമ്പോൾ സിറ്റി പൊലീസ് കമീഷണറുടെ കണക്കിൽ തട്ടിപ്പ് രണ്ടു കോടിയുടേത്. 36 കേസുകളാണ് സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തട്ടിച്ച തുക രണ്ടു കോടിയിലും അൽപം കൂടും. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, വിയ്യൂര്‍, കുന്നംകുളം സ്റ്റേഷനുകളിലാണ് ഇപ്പോൾ കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ പറഞ്ഞു. ‘‘ഞങ്ങൾക്ക് കടലാസുകളായി ലഭിച്ച പരാതി രണ്ടു കോടിയുടെതാണ്.
പക്ഷേ, 11 സ്ഥാപനങ്ങൾ, ബിസിനസ് ഇടപാടുകൾ, അതിന്റെ സ്വത്ത്, ഏഴ് വണ്ടികൾ; അത് പലരുടെയും പേരിലാണ്. വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന പരാതികളൊക്കെ കണക്കാക്കിയാണ് 100 കോടിയുടെ തട്ടിപ്പായി പ്രോസിക്യൂഷൻ കണക്കാക്കിയിട്ടുണ്ടാകുക’’ -കമീഷണർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലഭിച്ച പരാതിയിൽ കൂടുതൽ തട്ടിച്ച തുക 25 ലക്ഷം രൂപയുടെതാണ്. ഒളിപ്പിച്ചുവെച്ച 335 രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഹാർഡ് ഡിസ്കും ലാപ്ടോപ്പും വിശദമായി പരിശോധിക്കും. ധനകാര്യസ്ഥാപനമെന്ന നിലയിൽ നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. അതിനുശേഷമേ കള്ളപ്പണ നിക്ഷേപമുണ്ടോ എന്ന് ഉറപ്പിക്കാനാകൂ. കൊച്ചിയിൽ റാണയുമായി ബന്ധമുള്ള ഹോട്ടലിൽ ലഹരിമരുന്ന് പാർട്ടി നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും കമീഷണർ പറഞ്ഞു.
തട്ടിപ്പിന് 11 കമ്പനികൾ
പ്രവീൺ റാണ വിവിധ സ്ഥലങ്ങളിലായി വിവിധ പേരുകളിൽ 11 കമ്പനികൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് എൻജിനീയേഴ്സ് ആൻഡ് ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് ഐ.ടി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഐ.ആം വെൽനസ് ഗ്രൂപ്, സേഫ് ആൻഡ് സ്ട്രോങ് അക്കാദമി, സേഫ് ആൻഡ് സ്ട്രോങ് കൈപുള്ളീസ്, സേഫ് ആൻഡ് സ്ട്രോങ് മാർക്കറ്റിങ് ബിസിനസ് എന്നീ പേരുകളിലാണ് ഇയാൾ വിവിധ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. സ്വന്തം പേര് ജനങ്ങൾക്കിടയിൽ ജനകീയമാക്കുക എന്നതും അതുവഴി വിശ്വാസ്യത നേടിയെടുക്കുക എന്നതുമായിരുന്നു ലക്ഷ്യം.
പണം കൊടുത്ത് ഡോക്ടറേറ്റ്
പ്രവീൺ കെ.പി എന്ന സ്വന്തം പേര് പ്രവീൺ റാണ എന്നാക്കി മാറ്റിയത് ബിസിനസിൽ ഇമേജ് സൃഷ്ടിക്കുന്നതിനും ആളുകളെ ആകര്‍ഷിക്കുന്നതിനും ആണെന്ന് പ്രവീൺ മൊഴിനൽകി. പണം മുടക്കി വിവിധ യൂനിവേഴ്സിറ്റികളിൽനിന്നും രണ്ട് ഡോക്ടറേറ്റുകളും ഇയാൾ കരസ്ഥമാക്കി. 10 ലക്ഷത്തോളം രൂപ മുടക്കി കസാഖ്സ്താൻ യൂനിവേഴ്സിറ്റിയിൽനിന്നും അഞ്ചുലക്ഷം രൂപ മുടക്കി ഗ്ലോബൽ യൂനിവേഴ്സിറ്റിയിൽനിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. ഇന്റർനാഷനൽ ബിസിനസിൽ എം.ബി.എ എടുത്തിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പ്രവീണിനോട് പൊലീസ് ചോദിച്ചപ്പോൾ എം.ബി.എ ഓൺലൈനിൽ പാസായി എന്നായിരുന്നു മറുപടി.
21 റെയ്ഡുകൾ
സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തെക്കുറിച്ച് പരാതികൾ വന്നതിനെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇരുപതോളം റെയ്ഡുകൾ നടത്തി.
പ്രതിയുടെ ഓഫിസുകൾ, വീടുകൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡുകൾ നടത്തിയത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു പരിശോധന.
ഏഴ് കാർ, 17 ലാപ്ടോപ്
ഇക്കഴിഞ്ഞ ജനുവരി ആറിന് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന എറണാകുളത്തെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളയുന്നതിന് ഉപയോഗിച്ച കാറും പ്രവീണിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാറും ഉൾപ്പെടെ ഏഴ് കാറുകൾ പൊലീസ് പിടിച്ചെടുത്തു.
സ്ഥാപനത്തിന്റെ രേഖകളും വിവരങ്ങളുമടങ്ങിയ 17 ലാപ്ടോപ്പുകളും എട്ട് ഹാർഡ് ഡിസ്കുകളും 35 മൊബൈൽ സിം കാർഡുകളുമുൾപ്പെടെ നിരവധി വസ്തുക്കൾ, വാടകക്ക് എടുത്ത എറണാകുളത്തെ ഫ്ലാറ്റ് സമുച്ചയത്തിൽനിന്നും ഒളിപ്പിച്ച സ്ഥലങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
പൊലീസിന്റെ വീഴ്ചയല്ല; നിര്‍ഭാഗ്യം
പൊലീസ് എത്തിയപ്പോള്‍ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് റാണ രക്ഷപ്പെട്ടത് വീഴ്ചയല്ലെന്നും നിര്‍ഭാഗ്യംകൊണ്ട് മാത്രമാണെന്നും സിറ്റി പൊലീസ് കമീഷണര്‍. എന്നാലും, വൈകാതെ പിടികൂടാനായല്ലോ. അതുകൊണ്ട് അതൊരു പ്രശ്നമായി എടുക്കുന്നില്ലെന്നും കമീഷണർ പറഞ്ഞു.
പൊലീസുകാർക്കെതിരെ അന്വേഷണം
തൃശൂർ: പ്രവീൺ റാണയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ. റാണയുമായി ബന്ധപ്പെട്ട പൊലീസുകാരെ സീനിയർ ഓഫിസർമാരും പൊലീസ് വകുപ്പും നിരീക്ഷിച്ചുവരുന്നുണ്ട്. അന്വേഷണവും കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.