അലങ്കാരപ്പക്ഷികളെ മോഷ്ടിച്ചവർ പിടിയിൽ; 75,000 രൂപ വില വരുന്ന തത്തയാണ് മോഷണം പോയത്
text_fieldsകോലഞ്ചേരി: കോലഞ്ചേരിയിൽനിന്ന് വിലകൂടിയ അലങ്കാരയിനത്തിൽപെട്ട തത്തകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുമ്മനോട് പുത്തൻപുരക്കൽ വിപിൻ (32), കുമ്മനോട് തൈലാൻ വീട്ടിൽ അനൂപ് (39) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണസംഘത്തിൽപെട്ട അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയിയെ വാഹന മോഷണക്കേസിൽ ഹിൽപാലസ് പൊലീസ് കഴിഞ്ഞ ഏഴിന് പിടികൂടിയിരുന്നു.
പെരിങ്ങോൾ ചിറമോളേൽ ജോസഫിെൻറ 75,000 രൂപ വരുന്ന തത്തയാണ് മോഷണം പോയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം.
വിപിനും ബിനോയിയും ചേർന്ന് മോഷ്ടിച്ച തത്തകളെ അനൂപിനെ വിൽക്കാൻ ഏൽപിച്ചു. ഇയാൾ തൃപ്പൂണിത്തുറയിൽ ഒരാൾക്ക് തത്തകളെ വിറ്റു. മോഷണമുതലാണെന്ന് അറിയാതെയാണ് ഇയാൾ തത്തകളെ വാങ്ങിയത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണത്തെ തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ജില്ലയിലെ മുഴുവൻ പക്ഷിവളർത്തൽ -വിൽപന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പിടിയിലായവർ നിരവധി കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ ടി.എം. തമ്പി, സജീവ്, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.